അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍ ടീമിനെ പരിശീലിപ്പിക്കുന്ന ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട് ഒനീലിനെ നിലനിര്‍ത്താനും ഫെഡറേഷന് താല്‍പര്യമില്ല. ഈയാഴ്ച നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ ഒനീല്‍ സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങും.
പുതിയ കോച്ചിനെ നിയമിക്കുന്നതു വരെ മുന്‍ സീനിയര്‍ ടീം കോച്ച് സാവിയോ മഡീരയാവും അണ്ടര്‍ 17 ടീമിനെയും പരിശീലിപ്പിക്കുക. രണ്ടാഴ്ചക്കകം പുതിയ കോച്ചിനെ നിയമിച്ചേക്കും.
കളിക്കാരെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആഴ്ചകള്‍ക്കു മുമ്പ് കോച്ചിനെ നീക്കാന്‍ എ.ഐ.എഫ്.എഫ് തീരുമാനമെടുത്തത്. നിക്കോളായും അസിസ്റ്റന്റ് കോച്ചും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാരോപിച്ച് 21 കളിക്കാര്‍ എ.ഐ.എഫ്.എഫ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന് കത്തു നല്‍കിയിരുന്നു. ഫെഡറേഷന്‍ ഇതേപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഫലം പുറത്തുവിട്ടില്ല. കളിക്കാരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോച്ചിനെ നീക്കാന്‍ തീരുമാനമെടുത്തതായി സൂചനയുണ്ടായിരുന്നു.
കോച്ചിനെ നിയമിക്കാനോ പുറത്താക്കാനോ ഫെഡറേഷന് അധികാരമില്ലെന്നും കേന്ദ്ര കായികമന്ത്രാലയമാണ് അത് ചെയ്യേണ്ടതും എന്ന് വ്യക്തമാക്കി മന്ത്രി വിജയ് ഗോയല്‍ രംഗത്തുവന്നിരുന്നു. മന്ത്രാലയത്തിന്റെ അനുവാദത്തോടെയാണ് ഇപ്പോള്‍ എ.ഐ.എഫ്.എഫ് ഔദ്യോഗികമായി നിക്കോളായുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.
ഒക്ടോബറില്‍ രാജ്യത്തു നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിനു വേണ്ടി ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഗോവയില്‍ പരിശീലനം നടത്തുമ്പോഴാണ് കോച്ചിനെ മാറ്റിയിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെന്ന് ഫെഡറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, കരാര്‍ വ്യവസ്ഥ പ്രകാരം 40 ലക്ഷം നഷ്ടപരിഹാരം നല്‍കിയാണ് കോച്ചിനെ രാജിക്ക് സമ്മതിപ്പിച്ചിരിക്കുന്നത് എന്ന് ഫെഡറേഷനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.
2015-ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം മാനിച്ചാണ് നിക്കോളായെ ഇന്ത്യന്‍ കോച്ചായി നിയമിക്കുന്നത്. ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ക്കായി ഫെഡറേഷന്‍ ഇതിനകം എട്ട് കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന് ഐ.ഐ.എഫ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ടായിരുന്നു. 26 മത്സരം നിക്കോളായ്ക്കു കീഴില്‍ കളിച്ച ഇന്ത്യ വെറും നാലെണ്ണമാണ് ജയിച്ചത്.