X

ലോകകപ്പ് പടിവാതിലില്‍; കോച്ചിനെ പുറത്താക്കി ‘ഇന്ത്യന്‍ ഷോ’

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കി.
മോസ്‌കോയില്‍ നടന്ന ഗ്രനത്കിന്‍ മെമ്മോറിയല്‍ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെപരിശീലകനെതിരെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ നടപടി ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. മോസ്‌കോയില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് നേടാനായത്.

മാത്രമല്ല റാങ്കിങ്ങില്‍ താഴെയുള്ള താജിക്കിസ്താനുമായി നടന്ന 15 ാം സ്ഥാനത്തിനുള്ള മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടന്ന എഎഫ്‌സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലും ബ്രിക്‌സ് കപ്പിലും ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ സ്വദേശിയായ നിക്കോളായ് ആഡമിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ നിക്കോളായ് ആഡമുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അദ്ദേഹത്തോട് പരിശീലക സ്ഥാനം രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടതായാണ് സൂചന.

2015ലാണ് നിക്കോളായ് ആഡം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലേയറ്റത്. തുടര്‍ന്ന് ആ വര്‍ഷം ഇന്ത്യയില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് തിളങ്ങാനായിരുന്നില്ല. ഒപ്പം എഐഎഫ്എഫിന്റെ യൂത്ത് കപ്പിന്റെ പ്ലേ ഓഫിലും ടീം ഇന്ത്യക്ക് ഇടം നേടാനായില്ല.
ഒര്‍ലാന്റൊ സിറ്റിക്കെതിരെ നേടിയ 2-1ന്റെ വിജയവും ഗ്രാനത്കിന്‍ കപ്പില്‍ ബെലാറസ് അണ്ടര്‍18 ടീമിനെ പരാജയപ്പെടുത്തിയതുമാണ് നിക്കോളായ് ആഡമിന്റെ കീഴിലെ ഇന്ത്യയുടെ മികച്ച നേട്ടം. മുന്‍ അസര്‍ബൈജാന്‍ അണ്ടര്‍ 19 പിരീശീലകനായ ആഡമിന്റെ സേവനത്തിന് എഐഎഫ്എഫ് എട്ടു കോടിയോളം രൂപ ചെലവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

chandrika: