ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ലീഗുകളായ ഐ.എസ്.എല്ലിലേയും ഐ.ലീഗിലേയും ക്ലബുകളെ അണി നിരത്തി തുടങ്ങുന്ന പുതിയ ടൂര്‍ണമെന്റായ സൂപ്പര്‍ കപ്പിന് രൂപരേഖയായി. 16 ടീമുകള്‍ അണി നിരക്കുന്ന ലീഗില്‍ ഐ.എസ്.എല്‍ -ഐ ലീഗ് എന്നീ ലീഗുകളില്‍
ആദ്യ ആറു സ്ഥാനങ്ങളില്‍ ഫിനീഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടും. ബാക്കി നാലു സ്ഥാനങ്ങള്‍ക്കായി ഇരു ലീഗുകളിലെയും അവസാന സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ പ്ലോ ഓഫിലൂടെ യോഗ്യത നേടേണ്ടിവരും.
മാര്‍ച്ച് 12 മുതല്‍ 31 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പ് ആരംഭിക്കുക. അതിന് ശേഷം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെ ഫൈനല്‍ റൗണ്ടും നടക്കും.എ ഐ എഫ് എഫ് ആസ്ഥാനമായ ഡല്‍ഹി ഫുട്‌ബോള്‍ ഹൗസില്‍ നടന്ന മീറ്റീംഗിലാണ് ഇക്കാര്യം തീരുമാനമായത്. നിലവില്‍ കട്ടക്കിലോ കൊച്ചിയിലോ ആയി മത്സരം നടത്താനാണ് തീരുമാനമായിട്ടുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്തിമതീരുമാനമെടുക്കും.
അതേസമയം ടൂര്‍ണമെന്റിന്റെ ഘടനക്കെതിരെ പല ക്ലബുകളും രംഗത്തെത്തി. നോക്കൗട്ട് രീതിയിലുള്ള ടൂര്‍ണമെന്റ് ക്ലബുകള്‍ക്ക് അധിക ബാധ്യത മാത്രമാകും സമ്മാനിക്കുകയെന്നാണ് ഐലീഗ് ക്ലബായ മോഹന്‍ ബഗാന്‍ അഭിപ്രായപ്പെട്ടത്. നിലവിലെ സൂചനകളനുസരിച്ച് മിക്ക ഐ-ലീഗ് ഐ.എസ്.എല്‍ ക്ലബുകളും കളിക്കാരുമായി കരാറിലെത്തിയിരിക്കുന്നത് മാര്‍ച്ച് പകുതി വരെയാണ്. ഇതിനുശേഷമാണ് സൂപ്പര്‍ കപ്പിലെ നോക്കൗട്ട് മത്സരങ്ങള്‍. നോക്കൗട്ട് റൗണ്ടായതിനാല്‍ വെറും ഒരു മത്സരം മാത്രമാണ് ടീമുകള്‍ക്ക് കളിക്കാമെന്ന് ഉറപ്പുള്ളത്. ഇതിനായി കളിക്കാരുമായി രണ്ടു മാസത്തെ അധിക കരാറില്‍ ഏര്‍പ്പെടേണ്ടിവരും. വലിയ സാമ്പത്തിത ശേഷിയില്ലാത്ത ക്ലബുകളെ സംബന്ധിച്ചിടത്തോളം ലക്ഷങ്ങള്‍ മുടക്കി താരങ്ങളുമായി കരാര്‍ പുതുക്കുകയെന്നത് അധിക ബാധ്യതയാണ്. കൂടാതെ ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും ഈ സമയത്തു തന്നെ നടക്കുന്നതിനാല്‍ ടൂര്‍ണമെന്റിന്റെ എത്രത്തോളം വിജയകരമാവുമെന്നതും ആശങ്കയിലാഴ്ത്തുന്നുണ്ട്.