കോടികള്‍ കട്ടുമുടിക്കാന്‍ ആവിഷ്കരിച്ച എഐ ക്യാമറ,കെ.ഫോണ്‍ തുടങ്ങിയ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. പറഞ്ഞു.ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നെറികേടിനും സാമ്പത്തിക കൊള്ളയ്ക്കും കുടപിടിയ്ക്കാനും ജയ് വിളിക്കാനും പൊതുജനം സിപിഎമ്മിന്‍റെ അടിമകളല്ല.കൊടിയ ദാരിദ്ര്യത്തിലും മുണ്ടുമുറുക്കി പണിയെടുത്ത് നികുതി കെട്ടുന്ന പൊതുജനത്തിന്‍റെ പണമാണ് സംഘം ചേര്‍ന്ന് കൊള്ളയടിക്കുന്നത് . അതിന് മുഖ്യമന്ത്രി കണക്ക് പറഞ്ഞെ മതിയാകു. ആ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനങ്ങളുടെ രോഷം ആളികത്തുന്ന സമരപരമ്പരകള്‍ കോണ്‍ഗ്രസ് തെരുവിലേക്കും വ്യാപിപ്പിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.