ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയുടെ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പാര്‍ട്ടി പേരുകളായി. ശശികലയുടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ അമ്മ എന്നാണ് നല്‍കിയിരിക്കുന്നത്. പനീര്‍ശെല്‍വം വിഭാഗമാകട്ടെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി എന്നാണ് നല്‍കിയിരിക്കുന്നത്. അണ്ണാഡിഎംകെയുടെ പേരും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി. പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് തൊപ്പിയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
ഇരുവിഭാഗങ്ങളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇരുവിഭാഗവും നിര്‍ദേശിച്ച പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയായിരുന്നു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സാഹചര്യത്തിലാണ് ആര്‍കെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. ശശികലപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ടി.ടി.വി ദിനകരനും പനീര്‍ശെല്‍വംപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഇ.മധുസൂദനനുമാണ് മത്സരിക്കുന്നത്.