X

തമിഴ്‌നാടകം തുടരുന്നു; പന്നീര്‍ശെല്‍വവും ശശികലയും ഗവര്‍ണറെ കണ്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയും തമ്മിലുള്ള അധികാരപ്പോരിന് ഇന്ന് വിരാമമായേക്കും. ഇരുനേതാക്കളും ഇന്നലെ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശശികല അവകാശവാദമുന്നയിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ മഹാരാഷ്ട്രയില്‍ നിന്ന് ചെന്നൈയിലെത്തിയതിനു ശേഷം തലസ്ഥാനത്തു നടന്ന അതിനാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെ;

  • ഉച്ച തിരിഞ്ഞ് നാലു മണിയോടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തി. ഗവര്‍ണറെ സ്വീകരിക്കാനായി പന്നീര്‍ശെല്‍വം ചെന്നൈ വിമാനത്താവളത്തിലെത്തി.
  • വൈകിട്ട് അഞ്ചിന് കാവല്‍ മുഖ്യമന്ത്രി ഒ.പന്നീര്‍ശെല്‍വത്തിനും ഏഴരയ്ക്ക് ശശികലയ്ക്കും രാജ്ഭവന്റെ സന്ദര്‍ശനാനുമതി. സംഘത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് നിര്‍ദേശം.
  • ശശികലയെ പിന്തുണക്കുന്ന എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്നത് കല്‍പ്പാക്കത്തെ ആഡംബര റിസോര്‍ട്ടിലെന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പുറത്ത്.
  • ഒരു എം.എല്‍.എ കൂടി പന്നീര്‍ശെല്‍വം ക്യാമ്പിലേക്ക്. കൂടാരത്തിലെത്തിയത് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍. പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിക്ക് ശേഷം ഏറ്റവും കൂടുതല്‍ അധികാരമുള്ള നേതാവാണ് പ്രസീഡിയം ചെയര്‍മാന്‍. പാര്‍ട്ടിയില്‍ മികച്ച പ്രതിച്ഛായയുള്ള വെറ്ററനാണ് മധുസൂദനന്‍.
  • തമിഴ്‌നാട്ടിലെ രാഷ്ട്രീയവിഷയങ്ങള്‍ അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര വിഷയങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.
  • ശശികലയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച മധുസൂദനന്റെ കൂടുമാറ്റം ദൗര്‍ഭാഗ്യകരമെന്ന് വൈഗൈ സെല്‍വന്‍ എം.എല്‍.എ മാധ്യമങ്ങളോട്
  • രാജി പിന്‍വലിക്കാനുള്ള പന്നീര്‍ശെല്‍വത്തിന്റെ നീക്കം എളുപ്പത്തില്‍ സാധ്യമല്ലെന്ന് ഭരണഘടനാ വിദഗ്ധര്‍
  • ലോക്‌സഭ പിരിഞ്ഞ ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡപ്യൂട്ടി സ്പീക്കര്‍ തമ്പി ദുരൈയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
  • വൈകിട്ട് അഞ്ചിന് പന്നീര്‍ശെല്‍വം രാജ്ഭവനില്‍. 30 വരെ എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് കാവല്‍ മുഖ്യമന്ത്രി. അതേസമയം, പരസ്യമായി ശെല്‍വത്തെ പിന്തുണക്കുന്നത് അഞ്ചു പേര്‍ മാത്രം.
  • അഞ്ചരയ്ക്ക് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പന്നീര്‍ശെല്‍വം മാധ്യമങ്ങളുമായി സംസാരിക്കുന്നു. തന്നെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചെന്ന ആരോപണം ആവര്‍ത്തിച്ചു.
  • യുവാക്കളുടെ പിന്തുണ തനിക്കാണെന്നും അവകാശവാദം. നല്ല കാര്യങ്ങളാണ് നടക്കുന്നതെന്നും ധര്‍മം ജയിക്കുമെന്നും പ്രതികരണം.
  • അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരെയുള്ള പരാതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കില്ല. അടുത്തയാഴ്ച വിധി വന്നേക്കും
  • വൈകിട്ട് ആറേ മുക്കാലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി ശശികല മറീന ബീച്ചിലെ ജയയുടെ സ്മൃതി മണ്ഡപത്തില്‍. കൂടെ നേതാക്കളുടെ പട. ഏഴ് വനിതാ നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയം.
  • ഏഴരയ്ക്ക് ശശികലയും നേതാക്കളും രാജ്ഭവനില്‍. ചിന്നമ്മ നീണാള്‍ വാഴട്ടെ എന്ന് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍.
  • കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. എട്ട് മണിക്ക് ശശികല പുറത്തേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവകാശ വാദമുന്നയിച്ചു. 130 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശ വാദം. പേരുകള്‍ കൈമാറി. കൂടെയുണ്ടായിരുന്നത് പത്തു മന്ത്രിമാര്‍.

chandrika: