ന്യൂഡല്‍ഹി: ജയലളിതയുടെ വിയോഗത്തോടെ എ.ഐ.എ.ഡിഎംകയെ പാട്ടിലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി. ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തോട് പാര്‍ട്ടിയുടെ പിന്തുണ വ്യക്തമാക്കിയിരുന്നു.
ഏതു സമയത്തും ഏതു വിഷയത്തിലുംസമീപിക്കാമെന്നും എല്ലാ പിന്തുണയുമായി തങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി അന്നുറപ്പ് നല്‍കിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുതലെടുക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തുന്നതായി വ്യാപക പ്രചാരണമുണ്ട്.
ഇതിനിടെയാണ് വെങ്കയ്യാ നായിഡുവിന്റെ പരാമര്‍ശം. ഒ പന്നീര്‍സെല്‍വത്തെ മുഖ്യമന്ത്രിയായി നിയോഗിച്ചെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജയലളിതയുടെ തോഴിയായിരുന്ന ശശികലയാണ് ഈ സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുന്നത്. ശശികലയുടെ അഭിപ്രായവും പാര്‍ട്ടിയുടെ മുന്നോട്ട് പോക്ക് സംബന്ധിച്ച് നിര്‍ണായകമാകും.