X

എ.ഐ ക്യാമറ; പിഴ നാളെ മുതല്‍

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ അടക്കണം. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.സ്വയാര്‍ജിത ബുദ്ധി ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും നിയമലംഘനങ്ങള്‍ സൂം ചെയ്ത് കണ്ടെത്തി, കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയക്കാന്‍ ശേഷിയുള്ളതാണ് എ.ഐ ക്യാമറകള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളും ഇത് പ്രായോഗികമല്ലെന്ന വാദവും നിലനില്‍ക്കുമ്പോളാണ് നാളെ മുതല്‍ യാത്രക്കാരുടെ കീശ കീറുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എം.വി.ഡി തീരുമാനിച്ചിരുന്നു. എ.ഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്റണി രാജു അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എ.ഐ ക്യാമറകള്‍ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എ.ഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.

പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങള്‍ ആയിരുന്നു. നിലവില്‍ ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങള്‍. പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്.

അതേസമയം എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കുറഞ്ഞ നിയമലംഘനത്തിന്റെ കണക്കുകളുമായി സി.പി.എം രംഗത്തെത്തി. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത് ഒഴിവാക്കാനും അപകടങ്ങള്‍ പരമാവധി കുറക്കുന്നതിനും കോടതിയുടെ നിര്‍ദ്ദേശമുള്‍പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇത് സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ വിജയകരമാണെന്ന് തെളിയിക്കും വിധം നിയമലംഘനങ്ങള്‍ കുറഞ്ഞു. ക്യാമറകള്‍ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്‍ പിന്നീടുള്ള ദിവസങ്ങളില്‍ 1.41 ആയെന്നാണ് വാര്‍ത്തകള്‍ വന്നത്. ഏപ്രില്‍ 20നാണ് എ.ഐ കാമറ സംവിധാനം സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഏപ്രില്‍ 17ന് 4,50,552 വാഹനങ്ങള്‍ വിവിധ നിയമലംഘനം നടത്തിയെങ്കില്‍ കഴിഞ്ഞ 24ന് ഇത് 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടികാട്ടി. എന്നാല്‍ ക്യാമറകള്‍ക്കെതിരെയല്ല സമരമെന്നും ഇടപാടിലെ അഴിമതിക്കെതിരാണെന്നും പ്രതിപക്ഷം പറയുന്നു.

എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും ആംബുലന്‍സും കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഈ ചട്ടം ദുര്‍വ്യാഖ്യാനിച്ച് പ്രമുഖരുടെയെല്ലാം നിയമലംഘനം കണ്ടില്ലന്ന് നടിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

webdesk11: