തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിയില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് 20 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ രേഖകളും പുറത്തുവന്നു. കമ്പനിയുടെ 99.5 ശതമാനം ഓഹരികളും എം.ഡി സുരേന്ദ്രകുമാറിന്റെ പേരിലാണുള്ളത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാംജിത്തിന്റെ പേരിലുള്ളത് ദശാംശം അഞ്ച് ശതമാനം ഓഹരികള്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി കമ്പനി ഒന്നിലേറെ തവണ ഇടപാടുകള്‍ നടത്തിയതായും രേഖകള്‍ തെളിയിക്കുന്നു.ഒമാനില്‍ വ്യവസായിയായ പത്തനംതിട്ട തുമ്പമണ്‍ സ്വദേശി സുരേന്ദ്രകുമാര്‍ കോഴിക്കോട് ആസ്ഥാനമായി 2018ലാണ് പ്രസാഡിയോ എന്ന പേരില്‍ കമ്പനി തുടങ്ങിയത്. കമ്പനിയുടെ ഡയറക്ടറായി എത്തിയ കോഴിക്കോട് സ്വദേശി രാംജിത്തിന് സര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കാനായത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. കമ്പനി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്താനായത് എങ്ങനെയെന്നതും അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. കമ്പനി എം.ഡി സുരേന്ദ്രകുമാറിന് സര്‍ക്കാരുമായും സി.പി.എമ്മുമായും അടുത്ത ബന്ധമാണുള്ളത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രകുമാര്‍ സി.പി.എമ്മിന് സംഭാവനയായി നല്‍കിയത് 20 ലക്ഷം രൂപയാണ്. സി.പി. എം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ 149 മതായി സുരേന്ദ്രകുമാറിന്റെ പേരുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വഴി കമ്പനി ഒന്‍പത് കോടിയോളം രൂപയുടെ വരുമാനം നേടിയ വര്‍ഷം തന്നെയായിരുന്നു ഈ സംഭാവന നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷത്തിനകം മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവുമായി നടത്തിയ രണ്ട് ഇടപാടുകളാണ് മറ്റൊരു തെളിവ്. 2019- 20 കാലയളവില്‍ എറണാകുളത്തെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച വകയില്‍ 50,000 രൂപ പ്രകാശ് ബാബുവിന് വാടക നല്‍കിയ കമ്പനി 2020- 21 കാലയളവില്‍ ‘ട്രേഡ് പേയബില്‍’ എന്ന ഹെഡില്‍ 1,75000 രൂപ നല്‍കിയ കാര്യവും കമ്പനികാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു വര്‍ഷമാണ് പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ ഇടപാട് നടന്നത്. എന്നാല്‍ ഈ ഇടപാട് എന്തെന്ന് കമ്പനിയോ പ്രകാശ് ബാബുവോ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ക്യാമറ വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് തുടങ്ങി. ഇന്നും നാളെയുമായി സംസ്ഥാന സമിതിയും യോഗം ചേരും.