തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചശേഷം ഒരു മാസം കൊണ്ട് 20.42 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് ക്യമാറകള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാന്‍ അയക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 എണ്ണം തപാല്‍ വകുപ്പിനു കൈമാറി. ഐ.ടി.എം.എസിലേക്കു മാറ്റിയ നിയമ ലംഘനങ്ങളില്‍ ആകെ 2,14,753 പേര്‍ക്കു പിഴ ചുമത്തിയിട്ടുണ്ട്.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ച 73,887 പേര്‍ക്ക് പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയാണ് ഇതില്‍ മുന്നില്‍. 19482 പേരാണ് തിരുവനന്തപുരത്ത് ഹെല്‍മെറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 619 പേര്‍. പിന്‍സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മെറ്റ് ഇല്ലാത്തതിന് 30213 പേര്‍ക്കു പിഴ ചുമത്തി.
സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്തതിന് 49775 പേര്‍ക്കു പിഴ ചുമത്തി. 5622 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ മലപ്പുറം ജില്ലയാണ് ഈ വിഭാഗത്തില്‍ മുന്നില്‍. 1932 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ഇടുക്കിയാണ് ഈ വിഭാഗത്തില്‍ നിയമ ലംഘനം കുറഞ്ഞ ജില്ല. സഹയാത്രികന് സീറ്റ് ബെല്‍റ്റ് ഇല്ലാതിരുന്ന 57032 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കൂടുതല്‍ മലപ്പുറം-8169, കുറവ് ഇടുക്കി-2348. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 1846 പേര്‍ക്കു പിഴ ചുമത്തി. (കൂടുതല്‍ തിരുവനന്തപുരം-312, കുറവ് ഇടുക്കി-9), ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ യാത്ര ചെയ്തതിന് 1818 പേര്‍ക്കു പിഴ ചുമത്തി.
കൂടുതല്‍ തിരുവനന്തപുരം-448, കുറവ് കണ്ണൂര്‍-15. ആകെ ചെല്ലാന്‍ ജനറേറ്റ് ചെയ്ത നിയമ ലംഘനങ്ങളില്‍ നിന്നായി 7.94 കോടി രൂപയാണു സര്‍ക്കാരിലേക്കു ലഭിക്കുന്നത്. ഇതില്‍ 81.78 ലക്ഷം രൂപ ലഭിച്ചു.എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്ക് അപ്പീല്‍ നല്‍കുന്നതിനും പരാതി അറിയിക്കുന്നതിനുമുള്ള പരാതി പരിഹാര ആപ്ലിക്കേഷന്‍ ഓഗസ്റ്റ് അഞ്ചിനു പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ പ്രോസസ് ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനു കെല്‍ട്രോണിനു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. കൂടുതല്‍ സ്റ്റാഫിനെ നിയോഗിച്ച് മൂന്നു മാസത്തിനകം ഇവ പ്രോസസ് ചെയ്തു തീര്‍ക്കും. ക്യാമറ സ്ഥാപിച്ച ശേഷം വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി അറിയിച്ചു.