ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനെ ചൊല്ലി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മലക്കം മറിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 26,000 കോടിയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 73,000 കോടിയുമാണ് കരാര്‍ നല്‍കിയതെന്ന് സീതാരാമന്‍ ഇന്നലെ ലോക്‌സഭയില്‍ വ്യക്തമാക്കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡിന് (എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാര്‍ നേടികൊടുത്തതായി മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദത്തെ തള്ളി രാഹുല്‍ രംഗത്തെത്തിയതോടെയാണ് മന്ത്രിയുടെ വാദം വിവാദമായത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ആരോപണങ്ങളും ഗൗരവമായി എടുക്കുന്നില്ല. അത് അതിന്റെ വഴിയില്‍ പോകട്ടെയെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.
2014-18 കാലത്തെ കരാറില്‍ 26,000 കോടിയുടെ ഇടപാടുകളില്‍ ഒപ്പിട്ടതായി മന്ത്രി വ്യക്തമാക്കി. പൈപ്പ് ലൈന്‍ പദ്ധതിക്കായി 73,000 കോടിയാണ് കരാറെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷം കോടിയെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. തന്റെ വാദങ്ങള്‍ ചിലര്‍ തെറ്റിദ്ധരിക്കുകയായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.