X

“അരക്ഷിതനായ സ്വേച്ഛാധിപതി”; വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ മോദിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാറിന്റെ വിവരം ചോര്‍ത്തല്‍ ഉത്തരവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കമ്പ്യൂൂട്ടറുകളും മൊബൈലുകളും നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് സാമൂഹ്യമാധ്യമമായ ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്.

ഇന്ത്യയെ പൊലീസ് രാജ്യമാക്കിയാലും മോദിക്ക് തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എത്ര അരക്ഷിതനായ സ്വേച്ഛാധിപതിയാണ് താങ്കളെന്നും രാഹുല്‍ ട്വിറ്ററില്‍ രോ്ക്ഷം പൂണ്ടു.

“ഇന്ത്യയെ ഒരു പോലീസ് രാജ്യമാക്കിയതുകൊണ്ടൊന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നില്ല മോദി ജി.
ഒരു ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് മാത്രമേ ഇതിനെ കുറിച്ചു അറിയാന്‍ കഴിയൂ. എത്ര അരക്ഷിതനായ സ്വേച്ഛാധിപതിയാണ് നിങ്ങള്‍”, രാഹുല്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ രാജ്യത്ത് പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. രാജ്യത്തെ പൗരന്‍മാരുടെ കമ്പ്യൂട്ടറുകളും മൈാബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിനായി പത്ത് ഏജന്‍സികള്‍ക്കാണ് അധികാരം നല്‍കിയിരിക്കുന്നത്. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സൂക്ഷിച്ചിട്ടുള്ള ഏതു ഡാറ്റയും പിടിച്ചെടുക്കാനും പരിശോധിക്കാനും ഏജന്‍സികളെ ഏര്‍പ്പെടുത്തി കൊണ്ടാണ് ഉത്തരവ്. എന്‍.ഐ.എ, സി.ബി.ഐ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തുടങ്ങിയ ഏജന്‍സികള്‍ക്കും നികുതി പരിശോധനാ വിഭാഗത്തിനും ഈ ഉത്തരവ് പ്രകാരം ഡേറ്റകള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കാനാവും. ഇതോടെ സൈബര്‍ സ്വകാര്യത രാജ്യത്ത് ഇല്ലാതാകുന്ന അവസ്ഥയാണ്  സംജാതമാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.

അതേസമയം, രാജ്യസുരക്ഷയ്ക്കായാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷയ്ക്കായുള്ള നടപടി തുടരുമെന്നും ഉത്തരവില്‍ ആശങ്ക വേണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

chandrika: