മുംബൈ: മോദി സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഏറ്റവുമധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്തത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയരക്ടറായ സഹകരണ ബാങ്ക്. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോഓപറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ അസാധു നോട്ടുകളാണ് മാറ്റിയെടുത്തതെന്ന് വിവരാവകാശം വഴി ലഭിച്ച രേഖകള്‍ പറയുന്നു. മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കി അഞ്ച് ദിവസത്തിനുള്ളിലാണ് ഇത്രയും പണം മാറ്റിയെടുത്തതെന്ന വിവരം അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്നതാണ്. അമിത് ഷാ ഡയരക്ടറായ ബാങ്ക് അസാധു നോട്ടുകള്‍ മാറ്റിയെടുത്തതിന് തൊട്ടടുത്ത ദിവസം മുതലാണ് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അസാധു നോട്ടുകള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയതിന് ശേഷമാണ് 2016 നവംബര്‍ 14ന് 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. കള്ളപ്പണ നിക്ഷേപം നടക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ചാണ് കേരളത്തില്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് അമിത് ഷാ ഇപ്പോഴും ഈ ബാങ്കിന്റെ ഡയറക്ടറാണ്. 2000 ത്തില്‍ അമിത് ഷാ ഈ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു. 2017 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് ഈ ബാങ്കിലെ മൊത്ത നിക്ഷേപം 5,050 കോടി രൂപയാണ്. 2016-17 വര്‍ഷത്തെ അറ്റാദായം 14.31 കോടി രൂപയും. 122 ബ്രാഞ്ചുകളും 22 ലക്ഷം അക്കൗണ്ടുകളുമാണ് ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്. അമിത് ഷാ ഡയരക്ടറായ ബാങ്കിനു തൊട്ടുപിന്നിലായി ഏറ്റവും കുടുതല്‍ അസാധു നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്ക് ഗുജറാത്തിലെ ബി.ജെ.പി മന്ത്രിയായ ജയേഷ് ഭായ് വിത്തല്‍ഭായ് റദാദിയ ചെയര്‍മാനായ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കാണ്. 693.19 കോടി രൂപയാണ് രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്ക് അസാധു നോട്ടുകള്‍ മാറ്റിയെടുത്തത്. ബി.ജെ.പി രാഷ്ട്രീയത്തിന്റെ കേന്ദ്രമായാണ് രാജ്‌കോട്ട് അറിയപ്പെടുന്നത്. 2001ല്‍ നരേന്ദ്ര മോദി ഇവിടെ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ കോ ഓപറേറ്റീവ് ബാങ്കുകളുടെ ഉന്നത സ്ഥാപനമായ ഗുജറാത്ത് സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍ ഇതേ കാലയളവില്‍ 1.11 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാത്രമാണ് നിക്ഷേപിച്ചതെന്നതും ശ്രദ്ധേയമാണ്. നോട്ടുനിരോധനം നടപ്പാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നതെന്ന് ഈ വിവരം പുറത്തു കൊണ്ടു വന്ന മനോരഞ്ജന്‍ എസ് റോയ് പറഞ്ഞു. ഏഴ് പൊതുമേഖല ബാങ്കുകളും , 32 സംസ്ഥാന കോ ഓപറേറ്റീവ് ബാങ്കുകളും 370 ജില്ലാ സഹകരണ ബാങ്കുകളും മൂന്ന് ഡസന്‍ പോസ്റ്റ് ഓഫീസുകളും ചേര്‍ന്ന് 7.91 ലക്ഷം കോടി അസാധു നോട്ടുകളാണ് ശേഖരിച്ചത്. ഏഴ് പൊതുമേഖല ബാങ്കുകള്‍ ചേര്‍ന്ന് 7.57 ലക്ഷം കോടിയും, 32 സംസ്ഥാന സഹകരണ ബാങ്കുകള്‍ 6,407 കോടി രൂപയും, 370 ജില്ലാ സഹകരണ ബാങ്കുകള്‍ 22,271 കോടി രൂപയുടേയും 39 പോസ്റ്റ് ഓഫീസുകള്‍ ചേര്‍ന്ന് 4,408 കോടി രൂപയുടേയും അസാധു നോട്ടുകളാണ് സ്വീകരിച്ചതെന്നും വിവരാവകാശ രേഖ പറയുന്നു.