X

പട്ടേലിന്റെ ജയം പോരാട്ടത്തിന്റെ തുടക്കം; വെല്ലുവിളി ഒഴിയാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്‍ നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്‍കിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്് വന്‍ വെല്ലുവിളി. ഡിസംബറില്‍ വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി നേരിടേണ്ട യഥാര്‍ത്ഥ അഗ്നിപരീക്ഷ.
‘ഞാന്‍ സന്തോഷവാനാണ്. കോണ്‍ഗ്രസ് എം. എല്‍.എമാര്‍ക്ക് നന്ദി. ഇതേ ഉത്സാഹത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടും’ എന്നായിരുന്നു വിജയ ശേഷമുള്ള പട്ടേലിന്റെ പ്രതികരണമെങ്കിലും കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബി.ജെ. പി ആരംഭിച്ച സാഹചര്യത്തില്‍ വിശേഷിച്ചും. 182 അംഗ സഭയില്‍ മിഷന്‍ 150 പ്ലസ് എന്ന പദ്ധതി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബി.ജെ.പിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എപ്പോഴും കൂടുമാറാവുന്ന എം. എല്‍.എമാരെ ഒപ്പം നിര്‍ത്തുക എന്ന ഭാരിച്ച ജോലിയാണ് കോണ്‍ഗ്രസിന മുമ്പിലുള്ളത്. തെരഞ്ഞെടുപ്പില്‍ 57 അംഗങ്ങളാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ സഭയിലെത്തിയിരുന്നത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉറപ്പാക്കാനായത് 43. വോട്ടുകള്‍ മാത്രം. പാര്‍ട്ടിയില്‍ നിന്നുള്ള രാജി, ക്രോസ് വോട്ടുകള്‍ എന്നിവയിലാണ് ബാക്കി 14 വോട്ടുകള്‍ നഷ്ടമായത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 44 എം.എല്‍.എമാരെയാണ് കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ് കര്‍ണാടകയിലെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചത്. ഇവരെ വോട്ടെടുപ്പിന്റെ തലേന്ന് അഹമ്മദാബാദിലെത്തിച്ച ശേഷവും നേരെ ആനന്ദിലെ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് പോയതിനു ശേഷം സംസ്ഥാനം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പു കൂടിയാണ് ഡിസംബറിലേത്. ബി.ജെ.പിയെ നേരിടാന്‍ മുന്‍ ആര്‍.എസ്.എസ് നേതാവു കൂടിയായ ശങ്കര്‍സിങ് വഗേലയുടെ നേതൃത്വം ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കില്ല.
വഗേലയും അദ്ദേഹത്തിന്റെ കൂടെ രാജിവെച്ച ആറു എം. എല്‍.എമാരും ബി.ജെ.പിക്കു വേണ്ടി രംഗത്തിറങ്ങുകയും ചെയ്യും. ഇതില്‍ മൂന്നു പേര്‍ ഇപ്പോള്‍ തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. ഈ വെല്ലുവിളിയെയും അതിജീവിക്കേണ്ടിയിരിക്കുന്നു. തേജശ്രീ പട്ടേല്‍, പ്രഹ്ലാദ് പട്ടേല്‍, ബല്‍വന്ത് സിന്‍ഹ് രജ്പുത് എന്നിവരാണ് ബി.ജെ. പിയില്‍ ചേര്‍ന്നിട്ടുള്ളത്. ഉത്തരഗുജറാത്തില്‍ നിന്നുള്ള നേതാക്കളാണിവര്‍. പരമ്പരാഗതമായ കോണ്‍ഗ്രസ് ശക്തികേന്ദ്രവും ഒ.ബി.സി സംവരണത്തിനു വേണ്ടിയുള്ള പട്ടിദാര്‍ സമരത്തിന്റെ ഉത്ഭവകേന്ദ്രവുമാണ് ഉത്തര ഗുജറാത്ത്. പട്ടേല്‍മാര്‍ ഇവിടെ ബി.ജെ.പിക്കു പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. പട്ടേല്‍ സംവരണ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാണ് തേജശ്രീയും പ്രഹല്‍ദും. സമരത്തില്‍ പരിക്കേറ്റ പട്ടേല്‍മാരെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പ്രഹല്‍ദ്.
കോണ്‍ഗ്രസ് വിട്ട മറ്റൊരു നേതാവായ രാമന്‍സിന്‍ഹ് പര്‍മര്‍ കര്‍ഷകര്‍ക്കിടയില്‍ വന്‍സ്വാധീനമുള്ള നേതാവാണ്. പര്‍മറിനു പുറമേ, വഗേല അനുയായികളായ രാഘവ്ജി പട്ടേല്‍, ധര്‍മേന്ദ്രസിന്‍ഹ് ജഡേജ, ഭോല ഗോഹില്‍ എന്നിവര്‍ക്ക് സൗരാഷ്ട്ര മേഖലയില്‍ ചെറുതല്ലാത്ത സ്വാധീനമുണ്ട്. കോണ്‍ഗ്രസ് വിട്ട മാന്‍സിന്‍ഹ് ചൗഹാന്‍, ഛന്ന ചൗധരി എന്നിവര്‍ ഗോത്രവര്‍ഗ നേതാക്കളാണ്. വരുംതെരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാകുന്നവരാണ് ഗോത്രവിഭാഗക്കാര്‍.

chandrika: