പി.സി ജലീല്‍
ഭിന്ന ദാര്‍ശനിക സംരംഭങ്ങളെ അത്യപൂര്‍വ്വ മെയ്്‌വഴക്കത്തോടെ സമന്വയിപ്പിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ അഹ്്മദ്കുട്ടി ശിവപുരം. മലയാളത്തിന്റെ മതകീയ എഴുത്തുകളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ദാര്‍ശനിക സൗരഭ്യമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ കാവ്യമാധുര്യം തന്റെ ഇംഗ്ലീഷ് രചനകളിലും പ്രകടമാക്കി. ക്രിസ്റ്റോളജിയും വേദാന്തവും മാര്‍ക്്‌സിസവും സൂഫിയുടെ സമന്വയചിന്തയുടെ ചക്രത്തിലിരുന്ന് അദ്ദേഹം വരച്ചു. കാവ്യസുഭഗതയുള്ള ഗദ്യത്തിലൂടെ അദ്ദേഹം ഒരു തലമുറക്ക് വഴികാട്ടി.
കരിയാത്തന്‍കാവിലെ അദ്ദേഹത്തിന്റെ പൂമുഖം കനപ്പെട്ട ഗ്രന്ഥങ്ങളുടെ ശേഖരം കൊണ്ട് ചിന്തകരെയും എഴുത്തുകാരെയും ആകര്‍ഷിച്ചു. വായനയുടെയും എഴുത്തിന്റെയും തപസ്സില്‍ ആരു വന്നാലും പുഞ്ചിരിക്കുന്ന ചുണ്ടുമായി അദ്ദേഹം തന്റെ ദാര്‍ശനിക ചൈതന്യം പകര്‍ന്നുനല്‍കി.
കാലിക്കറ്റ്് സര്‍വ്വകലാശാലയില്‍ നിന്ന് 1971ല്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐഛികവിഷയങ്ങളായെടുത്ത് ബി.എയും 1973ല്‍ അറബി ഭാഷയിലും സാഹിത്യത്തിലും ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ എം.എ.ബിരുദവും നേടി. ഫാറൂഖ് കോളജിലാണ് പഠിച്ചത്. 1975ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജൂനിയര്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ഗവ. കോളജ് ചിറ്റൂര്‍, ഗവ.കോളജ് കാസര്‍ഗോഡ്, ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കോഴിക്കോട്, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പല നാടുകളിലായി വലിയൊരു വിദ്യാര്‍ത്ഥി വൃന്ദത്തെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.
അന്താരാഷ്ട്രതലത്തില്‍ സൂഫി എഴുത്തുകള്‍ ഒരു തലമുറയെ വ്യാപകമായി സ്വാധീനിക്കുന്ന കാലത്തില്‍ മലയാളത്തില്‍ ഈ ദൗത്യവുമായി ആദ്യം വന്നിട്ടുണ്ടാകുക അഹ്മദ് കുട്ടി ശിവപുരമായിരിക്കും. മുസ്്‌ലിം ആനുകാലികങ്ങളിലും പ്രസാധനാലയങ്ങളിലും അദ്ദേഹത്തിന്റെ തസ്വവ്വുഫ് സംബന്ധമായ എഴുത്ത് വിചാരങ്ങള്‍ക്ക് വലിയ ഇടമുണ്ടായി.
‘വചനപ്പൊരുള്‍’ എന്ന ഖുര്‍ആനികാസ്വാദനം, ‘മിഅറാജ്; ഉത്തുംഗതയിലേക്കുള്ള ഉഡ്ഢയനം’, ‘ബിലാലിന്റെ ഓര്‍മകള്‍’ , ‘അറഫാ പ്രഭാഷണം’ ‘സംസം കഥ പറയുന്നു’, ‘സൂഫിസം; ഇസ്‌ലാമിന്റെ അന്തര്‍ധാര’. മിക്ക രചനകളും ഖുര്‍ആന്റെയും ഹദീസുകളുടെയും കാവ്യയുക്തിയുള്ള വ്യാഖ്യാനം കൊണ്ട്്് സമ്പന്നമാക്കിയാണ് അദ്ദേഹം വായനക്കാരെ പിടിച്ചുകുലുക്കിയത്്. കണ്ടും കേട്ടും പരിചയിച്ച ചരിത്രങ്ങളും മഹദ് വചനങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ മറ്റൊരനുഭവമായി വായനക്കാരനു മുന്നില്‍ വിരിഞ്ഞുനിന്നു. ഇബ്രാഹീം നബിയെയും കുടുംബത്തെയും കുറിച്ച ദര്‍ശനങ്ങളിലൂടെ അബ്രഹാമിക് മതങ്ങള്‍ക്കിടയിലെ പാലം അദ്ദേഹം തുറന്നുകാണിച്ചു. യേശുവിനെ പ്രണയിച്ചപ്പോഴും സ്വയം അഹ്്മദ് മുഹമ്മദി എന്നു വിളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. അന്ത്യപ്രവാചകത്വത്തിന്റെ രണ്ടു ഭാവങ്ങളെ സമന്വയിപ്പിക്കുകയായിരുന്നു ഇതിലൂടെ.
കൊയിലാണ്ടി താലൂക്കില്‍ ശിവപുരം അംശംദേശത്ത് 1947ലാണ്് ജനിച്ചത്്്. പിതാവ് കണ്ടിയോത്ത് പക്കൃഹാജി. മാതാവ് ഖദീജ.
ഭാര്യ ബീവി. കുട്ടികള്‍ തൗഫീഖ്, ബസ്മലത്, മിന്നത്, ഹന്നാ. മൂന്ന് സഹോദരന്‍മാരും മൂന്ന് സഹോദരികളുമുണ്ട്.