ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്ജനതാദള്‍ സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കൂടി കാണാതായെന്ന് റിപ്പോര്‍ട്ട്. ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ഇവരെ താമസിപ്പിച്ച പ്രകൃതി റിസോര്‍ട്ടില്‍ വെച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്.
എന്നാല്‍ എം.എല്‍.എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് കെ.പി.സി.സിയുടെ വിശദീകരണം. രാവിലെ 11നു കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടും.