X
    Categories: CultureNewsViews

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്; അഹമ്മദ് പട്ടേല്‍ നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തി

മുംബൈ: രാഷ്ട്രീയ അനിശ്ചതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായി അഹമ്മദ് പട്ടേല്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി-ശിവസേന പോര് മുറുകുന്നതിനിടെ വന്‍ പ്രാധാന്യമാണ് നിരീക്ഷകര്‍ കൂടിക്കാഴ്ചക്ക് നല്‍കുന്നത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായിരുന്നു അഹമ്മദ് പട്ടേല്‍. നിതിന്‍ ഗഡ്കരിയെ ഉപയോഗിച്ച് ശിവസേനയെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസ് നടത്തുന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് മന്ത്രിയെ കാണാന്‍ എത്തിയത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന ബി.ജെ.പി നേതാവാണ് ഗഡ്കരി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളിയില്‍ ഇദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല. ഇതില്‍ അദ്ദേഹം അതൃപ്തി അറിയിക്കുകയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ആര്‍.എസ്.എസുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവു കൂടിയാണ് ഗഡ്കരി. ബി.ജെ.പി മന്ത്രിസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും എതിരെ സംസാരിക്കാന്‍ ധൈര്യം കാണിക്കുന്ന നേതാവു കൂടിയാണ് ഇദ്ദേഹം.

288 അംഗസഭയില്‍ 145 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105 ഉം ശിവസേനയ്ക്ക് 56 ഉം സീറ്റാണ് ഉള്ളത്. എന്‍.സി.പിക്ക് കിട്ടിയത് 54 സീറ്റ്, കോണ്‍ഗ്രസിന് 44. ശിവസേന-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ വരികയും കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ രൂപവത്കരണം എളുപ്പമാകും. അധികാരത്തില്‍ തുല്യ പങ്കാളിത്തവും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നുമുള്ള സേനയുടെ ആവശ്യവുമാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കാനുണ്ടായ കാരണം. മുഖ്യമന്ത്രി പദം ഒഴികെ എന്തിലും ചര്‍ച്ചയാകാം എന്നതാണ് ബി.ജെ.പി നിലപാട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: