X

അഹമ്മദാബാദ് സ്‌ഫോടനം: പ്രതിയെ കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

 
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയ അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ പ്രതിയെ കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പൊറ്റാണിക്കല്‍ ശുഐബി(49)ന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്‌ഫോടനക്കേസ് അന്വേഷണ സംഘത്തലവന്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഓഫീസര്‍ ഡോ.രാജ്ദില്‍ ചൗളയാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്. രാവിലെ പതിനൊന്ന് മണിയോടെ വലിയ പൊലീസ് സന്നാഹത്തോടെയാണ് ശുഐബിനെ കൊടിഞ്ഞി ഫാറൂഖ് നഗറിലെ വീട്ടിലെത്തിച്ചത്. വീട്ടുകാരുമായും മറ്റും കാര്യങ്ങള്‍ ചോദിച്ചറിയുകയും വീട് പരിശോധനയും പൂര്‍ത്തിയാക്കി പന്ത്രണ്ടരയോടെ സംഘം മലപ്പുറത്തേക്ക് പോയി.2008-ജൂലൈ 26-നാണ് 56 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനമുണ്ടായത്. ശേഷം പ്രതി ദുബൈയില്‍ ഒളിവിലായിരുന്നുവെന്ന് അന്വേഷണ സംഘ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ 22-ന് ശുഐബ് നാട്ടിലെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഗുജറാത്ത് ക്രൈംബ്രാഞ്ച് വിഭാഗം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ അഹമ്മദാബാദ് സ്റ്റേഷനിലെ 28 കേസുള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ അമ്പതോളം കേസുകളുണ്ടെന്ന് ഡോ. രാജ്ദില്‍ ചൗള പറഞ്ഞു.

chandrika: