നാപോളി: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാപോളിക്കെതിരായ ഗോളോടെ സെര്‍ജിയോ അഗ്വേറോ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി സ്വന്തം പേരിലാക്കി. 69-ാം മിനുട്ടില്‍ ലിറോയ് സാനെയുടെ പാസില്‍ നിന്ന് ടീമിന് ലീഡ് നേടിക്കൊടുത്ത, സിറ്റി കരിയറിലെ 178-ാം ഗോളോടെയാണ് 29-കാരന്‍ റെക്കോര്‍ഡിട്ടത്. 79 വര്‍ഷം പഴക്കമുള്ള എറിക് ബ്രൂക്കിന്റെ റെക്കോര്‍ഡാണ് അര്‍ജന്റീനക്കാരന്‍ പഴങ്കഥയാക്കിയത്.
2011-ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ താരം അതിനു ശേഷമുള്ള ഓരോ വര്‍ഷവും മികച്ച ഗോള്‍ ശരാശരിയാണ് നിലനിര്‍ത്തുന്നത്. പരിക്ക് കാരണം നിരവധി മത്സരങ്ങള്‍ നഷ്ടമായ 2012-13 സീസണ്‍ (17 ഗോളുകള്‍) ഒഴിച്ചാല്‍ എല്ലാ സീസണിലും താരം 25 ഗോളിലധികം നേടി. 494 മത്സരങ്ങളില്‍ നിന്ന് എറിക് ബ്രൂക് കുറിച്ച റെക്കോര്‍ഡ് വെറും 264 മത്സരങ്ങള്‍ കൊണ്ടാണ് അഗ്വേറോ മറികടന്നത്.
സഹകളിക്കാരുടെ പിന്തുണയും സഹായവും കൊണ്ടാണ് താന്‍ ഈ നേട്ടത്തിലെത്തിയതെന്നും ടീം സ്റ്റാഫിനെയും ആരാധകരെയും മറക്കാനാകില്ലെന്നും അഗ്വേറോ പറഞ്ഞു.