ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള തമിഴ്‌നാട് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അഞ്ച് ഏക്കറിന് മുകളില്‍ ഭൂമിയുള്ളവരുടേതടക്കം എല്ലാ കര്‍ഷകരുടേയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാണ് മദ്രാസ് ഹൈകോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ബാങ്കുകളില്‍ നിന്നും സഹകരണ സംഘങ്ങളില്‍ നിന്നും കടമെടുത്ത അഞ്ചേക്കറിന് താഴെയുള്ള ചെറുകിട കര്‍ഷകരുടെ കടം എഴുതിത്തള്ളാനാണ് ലക്ഷ്യമിട്ടതെന്ന് ജസ്റ്റിസ് മദന്‍ ബി.ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ വാദിച്ചു. 2017 ഏപ്രില്‍ നാലിന് മദ്രാസ് ഹൈകോടതിയുടെ മധുരൈ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തിന്റെ സാമ്പത്തിക നയങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങളിലുമുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇടക്കാല ആശ്വാസം എന്ന നിലക്ക് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് 2016 മെയ് 23ന് കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി പ്രഖ്യാപിച്ചത്. എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാന പ്രകാരമായിരുന്നു പദ്ധതി. എന്നാല്‍ ചെറുകിട കര്‍ഷകരെ മാത്രമാണ് പദ്ധതി വഴി ലക്ഷ്യമിട്ടതെന്നു സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കടം എഴുതിത്തള്ളുന്ന കര്‍ഷകരുടെ പട്ടിക പുറത്തിറക്കുന്ന നടപടി പൂര്‍ത്തീകരിക്കുന്നതേയുള്ളൂ എന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ
Tags: Agriculture Credit