ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സര്‍ക്കാരിന്റെ ഏറ്റവും അടുത്ത ആളുകളായ കോടീശ്വരന്മാര്‍ക്കു വേണ്ടിയാണ് ബില്ലുകള്‍ കൊണ്ടുവന്നതെന്ന് പ്രിയങ്ക പറഞ്ഞു. കര്‍ഷകര്‍ വലിയ പ്രയാസത്തിലുള്ള സമയമാണിത്. ഈ നേരത്ത് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുകയോ ചെയ്യാതെ നേരെ വിപരീതമായി കര്‍ഷക ദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നും പ്രിയങ്കാ തഗാന്ധി പറഞ്ഞു.
”ഇത് കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക് സംഭരണ സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാണ് ബി.ജെ.പി സർക്കാർ ഉത്സാഹം കാണിക്കുന്നത് – പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാറിെൻറ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൻ കാർഷിക പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ബില്ലുകളാണ് മോദിസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചത്. 2020ൽ പുറത്തിറക്കിയ ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ, ദി ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെൻറ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് സഭയിൽ അവതരിപ്പിച്ചത്.അവശ്യവസ്തു ഭേദഗതി ബിൽ 2020, ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീൽ ദാൻവേയും അവതരിപ്പിച്ചു.