മൊഹാലി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബില്‍ കനത്ത പ്രതിഷേധം തുടരുന്നു. സംസ്ഥാനത്ത് ഇതിനെതിരെ ഏര്‍പ്പെടുത്തിയ ബന്ദ് വന്‍ വിജയമായി. ഓരോ 200 മീറ്ററിലും മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി കര്‍ഷകര്‍ രോഷം തുടരുകയാണ്. ‘ദേശദ്രോഹിയായ ഒരാളുണ്ട്, പേര് മോദി’ എന്ന മുദ്രാവാക്യം ഉരുവിട്ടാണ് പഞ്ചാബിലെവിടെയും കര്‍ഷകരുടെ സമരം.
സംസ്ഥാനത്തെ 31 കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് കര്‍ഷക ബന്ദ് നടത്തിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമുദായങ്ങളും സമരത്തിന് പിന്തുണ നല്‍കി. രാവിലെ തന്നെ കര്‍ഷകര്‍ റോഡുകളില്‍ വലിയ തോതില്‍ തടിച്ചുകൂടി. കലന്ധര്‍, കപൂര്‍ത്തല, നവന്‍ഷഹര്‍, ഹോഷിയാര്‍പുര്‍ എന്നീ ജില്ലകളിലെ ഓരോ 200 മീറ്ററുകള്‍ ഇടവിട്ട് ധര്‍ണ നടന്നു. ഗ്രാമങ്ങളിലും പട്ടണങ്ങളിലുമെല്ലാം പ്രതിഷേധങ്ങള്‍ നടന്നു. വലിയ ആള്‍ക്കൂട്ടമാണ് എവിടെയും കാണാന്‍ കഴിഞ്ഞത്.
അകാലിദള്‍ ഉള്‍പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. അതില്‍ എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ നേരത്തെ പാസാക്കിയിരുന്നു.