X
    Categories: indiaNews

കാര്‍ഷിക സമരം; പോരാട്ടത്തിന്റെ നാള്‍വഴികള്‍

ന്യൂഡല്‍ഹി: പ്രക്ഷോഭം കത്തിപ്പടര്‍ന്ന ദിനരാത്രങ്ങള്‍ക്ക് വിട. നാളുകളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഖലിസ്ഥാനികളെന്നും മാവോയിസ്റ്റുകളെന്നും രാജ്യദ്രോഹികളെന്നും ആക്ഷേപിച്ചിട്ടും നട്ടെല്ലു വളയ്ക്കാത്ത മണ്ണിന്റെ മക്കള്‍ പിന്നിട്ട വഴികളിലൂടെ…

സെപ്തംബര്‍ 14: 2020 പുതിയ കാര്‍ഷിക നിയമങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
സെപ്തംബര്‍ 17: ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായി
സെപ്തംബര്‍ 24: ശബ്ദ വോട്ടേടെ ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പാസായി.
സെപ്തംബര്‍ 24: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ ആദ്യ പ്രതിഷേധം.
സെപ്തംബര്‍ 25: ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവുകളിലേക്ക്
സെപ്തംബര്‍ 27: മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. വിജ്ഞാപനത്തിലൂടെ ബില്ലുകള്‍ നിയമമായി.
നവംബര്‍ 3: നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ ദേശവ്യാപക പ്രതിഷേധം.
നവംബര്‍ 26: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച്. സമരം നടത്തിയ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് നേരിട്ടു.
നവംബര്‍ 28: പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. കര്‍ഷകരുടെ പ്രതിഷേധ സ്ഥലം ബുരാരിയിലേക്ക് മാറ്റണമെന്ന നിബന്ധനയും ആഭ്യന്തരമന്ത്രി മുന്നോട്ടുവെച്ചു. എന്നാല്‍ കര്‍ഷകര്‍ ഈ വാഗ്ദാനം നിരസിച്ചു.
നവംബര്‍ 29: കാര്‍ഷിക പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത മോദി കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയത് തന്റെ സര്‍ക്കാരാണെന്ന് മന്‍ കി ബാത്തില്‍.
ഡിസംബര്‍ 3: പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാരിന്റെ ആദ്യ ചര്‍ച്ച. പരിഹാരമാവാതെ പിരിഞ്ഞു.
ഡിസംബര്‍ 5: കര്‍ഷകരുമായി സര്‍ക്കാരിന്റെ രണ്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
ഡിസംബര്‍ 8: ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍.
ഡിസംബര്‍ 9: കാര്‍ഷിക നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറാണെന്ന കേന്ദ്രവാഗ്ദാനത്തിനെതിരെ കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍.
ഡിസംബര്‍ 11: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീംകോടതിയിലേക്ക്.
ഡിസംബര്‍ 16: വിവാദ നിയമങ്ങള്‍ പരിശോധിക്കാന്‍ പാനല്‍ രൂപീകരിക്കുമെന്ന് സുപ്രീംകോടതി.
ഡിസംബര്‍ 30: കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കര്‍ഷക പ്രതിനിധികളും കേന്ദ്രവും തമ്മില്‍ ആറാം വട്ട ചര്‍ച്ചകള്‍. കര്‍ഷകര്‍ മുന്നോട്ടുവെച്ച ഏതാനും ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു.
ജനുവരി 4 2021: കര്‍ഷകരുമായി ഏഴാം വട്ട ചര്‍ച്ചയും പരിഹാരമാവാതെ പിരിഞ്ഞു.
ജനുവരി 11: കര്‍ഷക പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. തര്‍ക്കം പരിഹരിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീംകോടതി.
ജനുവരി 12: വിവാദ നിയമങ്ങള്‍ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ.
ജനുവരി 26 റിപ്പബ്ലിക് ദിനം: ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. സമരത്തിനിടെ പൊലീസുമായി ഏറ്റമുട്ടല്‍. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. ചെങ്കോട്ടയുടെ കമാനത്തിന് മുകളില്‍ നിഷാന്‍ സാഹിബ് പതാക ഉയര്‍തത്തി.
ജനുവരി 28: ഗാസിപുരിലും ഗാസിയാബാദിലും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ രാത്രിക്കുള്ളില്‍ സമരസ്ഥലം ഒഴിയണമെന്ന് അധികൃതരുടെ നിര്‍ദേശം. പോവില്ലെന്ന് കര്‍ഷകര്‍.
ഫെബ്രുവരി 3: കര്‍ഷകപ്രതിഷേധത്തെ പിന്തുണച്ചവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പരാമര്‍ശം. പോപ് താരം റിഹാന്ന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൂന്‍ബെ, യു.എസ് വൈസ് പ്രസിഡന്റ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഫെബ്രുവരി 5: കര്‍ഷകരെ പിന്തുണച്ച് ഗ്രെറ്റയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ ടൂള്‍കിറ്റ് കാമ്പയ്‌നെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തു.
ഫെബ്രുവരി 6: വീണ്ടും രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് കര്‍ഷകര്‍.
ഫെബ്രുവരി 18: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ റെയില്‍ തടയല്‍ പ്രക്ഷോഭം.
മാര്‍ച്ച് 5: കര്‍ഷകരുടെയും പഞ്ചാബിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് കാര്‍ഷിക നിയമങ്ങള്‍ നിരുപാധികം പിന്‍വലിക്കണമെന്നും എം.എസ്.പി അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള സമ്പ്രദായം തുടരണമെന്നും കാണിച്ച് പഞ്ചാബ് പ്രമേയം പാസാക്കി.
മാര്‍ച്ച് 6: ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക്
മാര്‍ച്ച് 8: കര്‍ഷകരും പൊലീസും തമ്മില്‍ സിംഗുവില്‍ സംഘര്‍ഷം. വെടിവെപ്പ്.
മെയ് 27: കര്‍ഷക പ്രക്ഷോഭത്തിന്റെ ആറാം മാസം പൂര്‍ത്തിയായി. കരിദിനം ആചരിച്ച് കര്‍ഷകര്‍.
ജൂണ്‍ 5: കര്‍ഷക പ്രതിഷേധം ഒരു വര്‍ഷം പൂര്‍ത്തിയായി. ക്രാന്തികാരി ദിവസം ആചരിച്ച് കര്‍ഷകര്‍.
ജൂലൈ: പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് സമാന്തരമായി കിസാന്‍ പാര്‍ലമെന്റ് ആരംഭിച്ച് കര്‍ഷകര്‍. പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികളും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി ട്രാക്ടറില്‍ കര്‍ഷകരെ കാണാനെത്തി.
ഒക്ടോബര്‍ 3: ലഖിംപുരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനമിടിച്ചുകയറ്റി. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. വാഹനം ഇടിച്ചുകയറ്റിയ കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ പത്തുപേര്‍ പിന്നീട് അറസ്റ്റിലായി.
ഓഗസ്റ്റ് 27: പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 14 പ്രതിനിധികള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി.
ഓഗസ്റ്റ് 28: കര്‍ണാലില്‍ ബി.ജെ.പി യോഗത്തിനെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് അതിക്രമം.
സെപ്തംബര്‍ 25: കേന്ദ്രത്തിനും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ മുസഫര്‍നഗറില്‍ കര്‍ഷകരുടെ വന്‍ശക്തിപ്രകടന സമരം.
ഒക്ടോബര്‍ 22: പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനെതിരല്ലെന്ന് പറഞ്ഞ കോടതി സമരക്കാര്‍ക്ക് അനിശ്ചിതമായി പൊതുവഴികള്‍ തടയാനാവില്ലെന്നും വ്യക്തമാക്കി.
ഒക്ടോബര്‍ 29: ഗാസിപുര്‍, തിക്രി അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ പൊലീസ് എടുത്തുമാറ്റിത്തുടങ്ങി.
നവംബര്‍ 19: വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

 

Test User: