X
    Categories: MoreViews

അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നില്‍

 

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ചുവടു കൂടി മുന്നോട്ടു വച്ച് അഗ്നി-5 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയുടെ തീരത്തു നിന്നുള്ള പരീക്ഷണം പൂര്‍ണ വിജയത്തില്‍.ആണവ വാഹക ശേഷിയുള്ള അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ആണ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് ഇന്നലെ രാവിലെ 9.53നായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര മിസൈലിന് 5000 കിലോമീറ്റര്‍ വരെ മറികടക്കാനാകും. അത്യുഗ്ര പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലേക്ക് വരെ എത്താന്‍ സാധിക്കുമെന്നും ശാസ്ത്ര ലോകം വ്യക്തമാക്കി.
പരീക്ഷണ മിസൈല്‍ 19 മിനിറ്റുകള്‍ക്കുള്ളില്‍ 4,900 കിലോമീറ്റര്‍ ദൂരം വരെയെത്തി. റാഡാറുകളും ട്രാക്കിങ് സിസ്റ്റം, റേഞ്ച് സ്റ്റേഷനുകള്‍ മിസൈലിന്റെ പരീക്ഷണ പറക്കല്‍ നിരീക്ഷിച്ചിരുന്നു. 17 മീറ്റര്‍ നീളമുള്ള മിസൈലിന് മൂന്ന് ഘട്ടങ്ങളുണ്ട്.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചതാണിത്. കൃത്യതയാര്‍ന്ന റിങ് ലേസര്‍ ഗൈറോ അടിസ്ഥാനമാക്കിയുള്ള ഇന്റീരിയല്‍ നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് അണുവിട ചലിക്കാതെ മിസൈലിനെ ലക്ഷ്യസ്ഥാനത്തെത്തിക്കാകും. ഹൈ സ്പീഡ് കംപ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് ആയുധം അലക്ഷ്യമായി പറന്നുയരുന്നതു തടയാന്‍ കഴിയുമെന്നുന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വക്താക്കള്‍ അറിയിച്ചു. കുതിച്ചുയരുന്ന പ്രദേശത്തിരുന്നു മിസൈലിന്റെ ഗതിതിരിച്ചു വിടാനും കഴിയും. കനത്ത പ്രഹര ശേഷിയും കരുത്തുറ്റ ഷെല്ലുകളും കുറഞ്ഞ രീതിയില്‍ അറ്റകുറ്റപണികള്‍ നടത്തി നിലനിര്‍ത്താനും കഴിയുമെന്ന സവിശേഷതകളും ഇവയ്ക്കുണ്ട്. വളരെ എളുപ്പത്തില്‍ സൈന്യത്തിന് മിസൈലിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാന്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്.
2016 ഡിസംബര്‍ 26നാണ് ഇതിന് മുമ്പ് മിസൈല്‍ പരീക്ഷണം നടന്നത്. 2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്‌നി-5 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍. ഇത് സൈന്യത്തിന്റെ ഭാഗമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സുപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം പിടിച്ചിരുന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. അഗ്നി വിഭാഗത്തില്‍ ഇതോടെ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകളായി. അഗ്നി-1 മുതല്‍ 3 വവരെയുള്ളവ പാകിസ്താനെ ലക്ഷ്യമിട്ടാണ് വികസിപ്പിച്ചതെങ്കില്‍ അഗ്നി 4ഉം 5ഉം ചൈനയെ പ്രതിരോധിക്കുന്നതിനാണ്. അഗ്നി -5ന്റെ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാം പരീക്ഷണം 2015 ജനുവരി 31നുമാണ് നടന്നത്.

chandrika: