എന്‍.സി ജംഷീറലി ഹുദവി
ഇന്ത്യന്‍ നിയമ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിയമ നിര്‍മാണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തതാണ് ശൈശവ വിവാഹം. വ്യത്യസ്ത കോടതി നടപടികള്‍ കണ്ട രാജ്യത്ത് ഇക്കഴിഞ്ഞ ജനുവരിയില്‍ പരമോന്നത കോടതി വീണ്ടും പ്രസ്തുത വിഷയത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുകയാണ്. 15 വയസ് തികഞ്ഞവര്‍ക്ക് മത നിയമപ്രകാരം വിവാഹം ആകാമോ എന്നതാണ് ചോദ്യം. 2017 ലാണ് സുപ്രീംകോടതി, 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ഭാര്യയെന്ന നിലക്കും ലൈംഗിക ബന്ധം പുലര്‍ത്തുന്നത് പീഢനമായി കണക്കാക്കുമെന്ന് വിധി പുറപ്പെടുവിച്ചത്. 15 നും 18 നുമിടക്ക് പ്രായമുള്ള ഭാര്യയുമായി ബന്ധത്തിലേര്‍പെടുന്നത് ശൈശവ വിവാഹ നിരോധന പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന രണ്ടാം സെക്ഷന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375 ാം സെക്ഷനില്‍ നിന്ന് സുപ്രീംകോടതി എടുത്തുകളയുകയും ചെയ്തു.
നിലവില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടല്‍ പക്ഷേ ബാലിശമല്ല. കോടതി മുന്നോട്ട്‌വെക്കുന്നത് ആശങ്കകളും സാധ്യതകളും ചോദ്യങ്ങളുമാണ്. ജനുവരി 13 ന് സുപ്രീംകോടതി ഉന്നയിച്ച ചോദ്യമിതാണ് 15 തികഞ്ഞ പെണ്‍കുട്ടിക്ക്, ലൈംഗിക ചേതനയുണ്ടെങ്കില്‍ അവളുടെ വ്യക്തിനിയമപ്രകാരം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാമോ? ഈ ചോദ്യം പ്രധാനമാണ്. ഒരു വ്യക്തിയുടെ ലൈംഗികതയും പക്വതയും നിര്‍ണയിക്കുന്നത് പ്രായമാണോ? 18 തികയുക എന്നത് പക്വതാ നിര്‍ണയത്തിന്റെ മാനദണ്ഡമാണോ ? ഈ ചോദ്യങ്ങളും ചേര്‍ത്തുവെക്കേണ്ട വിഷയങ്ങളാണ്.
ദേശീയ ബാലാവകാശ കമ്മീഷന്‍ ഫയല്‍ ചെയ്ത ഹരജിയാണ് പുതിയ കോടതി ഇടപെടലുകള്‍ക്ക് വഴിതുറന്നത്. 2022 ജൂണ്‍ മാസം 20 ലെ പഞ്ചാബ് ഹരിയാന ഹൈകോടതി വിധിയെ ചോദ്യം ചെയ്യുന്നതായിരുന്നു ഹരജി. 16 വയസ് പ്രായമുള്ള പെണ്‍കുട്ടി 21 വയസുള്ള ഭര്‍ത്താവിന്റെ കൂടെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് ഹൈകോടതി ഇടപെടലുണ്ടായത്.
മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹത്തിന് തടസങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് ജസ്ജിത് സിങ് ബേദി വിധിച്ചു. ദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. 2021 ഡിസംബറിലും സമാനമായ വിധി പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ നിന്നുണ്ടായിരുന്നു. 17 വയസുകാരിയായ പെണ്‍കുട്ടി ഹൈന്ദവ വിശ്വാസിയായ ഭര്‍ത്താവൊന്നിച്ചാണ് അന്ന് കോടതിയെ സമീപിച്ചത്.
മുസ്‌ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്‍ത്തി പരിധി 15 ആകയാല്‍ പതിനേഴുകാരിക്ക് ഇഷ്ടപ്രകാരം വിവാഹമാകാം എന്ന് കോടതി വിധിച്ചു. 2022 ജൂണ്‍ മാസത്തിലെ ഹൈകോടതി വിധിക്കെതിരെയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം ശൈശവ വിവാഹം നിയമവിരുദ്ധമാകുമ്പോള്‍ 18 ന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ വ്യക്തി നിയമപ്രകാരം വിവാഹിതരാവുന്നത് അനുവദിക്കാന്‍ പാടില്ലെന്നാണ് ബാലാവകാശ കമീഷന്‍ മുന്നോട്ട്‌വെക്കുന്ന വാദം. പഞ്ചാബ് – ഹരിയാന ഹൈകോടതി വിധി മറ്റു ഹൈകോടതികള്‍ക്ക് ജുഡീഷ്യല്‍ പ്രിസിഡന്റ് (കീഴ്‌വഴക്കം) ആവുകയില്ലെന്ന് സുപ്രീം കോടതി പറയുകയും ചെയ്തു. അതേസമയം വിവാഹ പ്രായ പരിധി 18 ല്‍ നിന്നും കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി സുപ്രീംകോടതി അഭിപ്രായമാരായുകയും ചെയ്തു.
നിലവില്‍ 13 സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹ വര്‍ധനവുള്ളത്. അസം, ബിഹാര്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, വെസ്റ്റ്ബംഗാള്‍ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം കൂടുതലാണ്. ഇത്തരം വിവാഹ ബന്ധങ്ങള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ദേശീയ ബാലാവകാശ കമീഷന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങളിലൊന്ന്. കൂടാതെ പോക്‌സോ, ഐ.പി.സി 375 നിലവിലുള്ളപ്പോള്‍ വ്യക്തിനിയമ പ്രകാരം വിവാഹ ബന്ധം അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നുമാണ് വാദം.
ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്‍ ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്‌വെച്ച ആശങ്കകള്‍ അതിപ്രധാനമാണ്. പ്രായപൂര്‍ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്‍ച്ചക്ക് വെക്കുന്നത്.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി കേസുകള്‍ വ്യത്യസ്ത കോടതികളിലായി നിലവിലുണ്ട്. ഭൂരിപക്ഷവും പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്കെതിരെയാണ്. രാജ്യത്ത് നിര്‍ബന്ധിത വിവാഹങ്ങള്‍ വ്യത്യസ്ത ആചാരങ്ങളുടെ ഭാഗമായി ഇപ്പോഴും നിലവിലുണ്ട്. പെണ്‍കുട്ടികളെ പീഢനത്തിനിരയാക്കാന്‍ മറയാക്കുന്ന ദേശ, ഗോത്ര ആചാരങ്ങള്‍ പലതുണ്ട്. പഠനം നിര്‍ത്തി വിവാഹത്തിന് നിര്‍ബന്ധിക്കുന്നവരുണ്ട്. ഇതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇവ പലതും നടപടിക്ക് വിധേയമാകാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, പ്രായപൂര്‍ത്തിയായ നിലക്ക് രണ്ടു പേരുടേയും സമ്മതത്തോടെ മതാചാരപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ പലതും ക്രിമിനല്‍ കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. വിവാഹ പ്രായത്തിലും ഏകതാനിയമത്തെ പറയുന്നവരോട് കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം, ‘നമുക്ക്, പുനരാലോചന നടത്താമല്ലോ?’.