X

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ  മുസ്‌ലിം യൂത്ത് ലീഗ് യുവജന മഹാറാലി ജനുവരി 21ന് കോഴിക്കോട്

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിൻ ജനുവരി 21 നു കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന യുവജന മഹാറാലിയോടെ സമാപിക്കും.
ജൂലായ് ഒന്നിന് യൂണിറ്റ് മീറ്റുകൾ സംഘടിപ്പിച്ച് തുടക്കം കുറിച്ച കാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപന മഹാറാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം അന്തിമ രൂപം നൽകി. ജനുവരി 21ന് ഞായറാഴ്ച കോഴിക്കോട് കടപ്പുറത്താണ് യുവജന മഹാറാലി നടക്കുക. നേരത്തേ എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന മഹാറാലി, ഇന്ത്യൻ സൂപ്പർ ലീഗ് മത്സരക്രമവും സർക്കാർ എക്സ്പോയും മൂലം സമ്മേളനനഗരികളുടെ ലഭ്യതകുറവ് പരിഗണിച്ചു കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മഹാറാലിയുടെ മുന്നോടിയായി നവംബർ – ഡിസംബർ മാസങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ചുകൾ സംഘടിപ്പിക്കും.

ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ കീഴ്ഘടകങ്ങളിൽ നടന്ന് വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദീ സർക്കാറും കേരളം ഭരിക്കുന്ന പിണറായി സർക്കാറും ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.  ഭരണഘടനയിൽ നിന്നും ‘ഇന്ത്യ’ എന്ന പേര് നീക്കം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ അണിയറയിൽ നടത്തുന്നത്. ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നീക്കത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട ഫാസിസ്റ്റ് സർക്കാർ വർഗ്ഗീയ അജണ്ടകൾ ഉയർത്തിക്കാട്ടി ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്. പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വെച്ച് ബിഎസ്പി എം പി ഡാനിഷ് അലിയെ മോശമായ പദപ്രയോഗങ്ങൾ കൊണ്ട് അവഹേളിച്ച ബി ജെ പി യുടെ എം പി രമേഷ് ബിദൂരിക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭിന്നിപ്പിൻ്റെയും വെറുപ്പിൻ്റെയും വക്താക്കളായി കേന്ദ്ര സർക്കാർ മാറിയിട്ടുണ്ട്.

ഭരണ കൂട ചെയ്തികൾക്കെതിരെ ശബ്‌ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരളത്തിലെ പിണറായി  സർക്കാറും മോദീ പാതയിലാണ് മുന്നോട്ടു പോകുന്നത്.അതോടൊപ്പം അഴിമതിയുടെ ഹോൾസെയിൽ ഡീലർമാരായും  മാറിയിരിക്കുന്നു. ഇന്ത്യയിലെവിടെയും കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക തട്ടിപ്പാണ് സി പി എം നേതൃത്വം നൽകുന്ന കരവന്നൂർ, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ നടന്നത്.  യോഗ്യതയില്ലാത്തവർക്ക് പിൻവാതിൽ നിയമനവും സ്വന്തക്കാർക്ക് ഔദ്യോഗിക പദവികളിൽ സ്ഥാനക്കയറ്റവും നൽകുകയും ചെയ്യുന്ന സർക്കാറാണ് കേരളത്തിൽ ഭരണം നടത്തുന്നത്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ സർക്കാറിന് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി പോലും അവതാളത്തിലായി. ജനദ്രോഹ ഭരണം തുടരുന്ന കേന്ദ്ര – കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പൊതു സമൂഹത്തിൽ തുറന്ന് കാട്ടുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ക്യാമ്പയിൻ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ പ്രസംഗിച്ചു.

സഹീര്‍ ആസിഫ്, എം.പി നവാസ്, സി. എച്ച് ഫസൽ, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈർ, പി.എച്ച് സുധീര്‍, പി. എം നിസാമുദ്ദീൻ, അമീർ ചേനപ്പാടി, മുഹമ്മദ് ഹനീഫ, ഷാഫി കാട്ടില്‍, ഷിബി കാസിം, റെജി തടിക്കാട്, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, കെ. എം ഖലീൽ, പി. വി അഹമ്മദ് സാജു, ചര്‍ച്ചയില്‍ പങ്കെടുത്തു.

webdesk14: