X

കണ്ണൂര്‍ അശാന്തം; അക്രമങ്ങള്‍ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം

എപി താജുദ്ദീന്‍

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗതീരുമാനത്തിന് ഒരു രാത്രിയുടെ ആയുസ്സ് പോലുമില്ല. വൈകുന്നേരം കലക്‌ടേറ്റില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും ആര്‍എസ്എസിനെ പ്രതിനിധീകരിച്ചെത്തിയ വത്സന്‍ തില്ലങ്കേരിയും ജില്ലയില്‍ സമാധാനമുണ്ടാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് പിരിഞ്ഞതായിരുന്നു. എന്നാല്‍ രാത്രി പുലര്‍ന്നത് അക്രമപരമ്പരകളോടെ.

രാത്രി ഒമ്പതോടെ സിപിഎമ്മുകാര്‍ പയ്യന്നൂര്‍ കവ്വായിയില്‍ മുസ്‌ലിം ലീഗുകാരെ അക്രമിക്കുകയും ബോംബെറിയുകയും ചെയ്തുകൊണ്ടാണ് സമാധാന ലംഘനം ഉദ്ഘാടനം ചെയ്തത്. പുലരും വരെ അവര്‍ 12 വാഹനങ്ങളും എട്ടു വീടുകളും മുസ്‌ലിം ലീഗ് ഓഫീസുകളും അവര്‍ തകര്‍ത്തു. നിരവധി ലീഗ് പ്രവര്‍ത്തകെ മാരകമായി വെട്ടിപരിക്കേല്‍പിച്ചു. കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിവിടെ വന്‍ ആക്രമമായി മാറിയത്.

സമാധാന യോഗത്തില്‍ നല്‍കിയ ഉറപ്പ് വകവെക്കാതെ ബിജെപിയും പുലരും മുമ്പ് തന്നെ കളത്തിലിറങ്ങി. പാനൂര്‍ കൂറ്റേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ കാട്ടിന്റവിട ചന്ദ്രനെയാണ് ബിജെപിയുടെ കഠാരക്കിരയായത്. മൊകേരി ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനുമായ ചന്ദ്രന്‍ പാല്‍ വിതരണത്തിനിടെയായാണ് ആക്രമിക്കപ്പെട്ടത്. ഇരു കാലുകളും അറ്റുതൂങ്ങിയ നിലയില്‍ പോലീസാണ് ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മട്ടന്നൂര്‍, പാനൂര്‍, കരിരൂര്‍ പ്രദേശങ്ങളില്‍ ഏതാനും ദിവസമായി നിലനില്‍ക്കുന്ന അക്രമങ്ങളെ തുടര്‍ന്നായിരുന്നു ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമും സമാധാനയോഗം വിളിച്ചിരുന്നത്. കണ്ണൂരില്‍ സമാധാനം തകര്‍ന്നതായി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഗവര്‍ണറെ കണ്ട് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ ഒരു ഭാഗത്ത് സമാധാനം ആഹ്വാനം ചെയ്യുകയും മറുഭാഗത്ത് ആക്രമത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ണൂര്‍ ജില്ലയില്‍ കാണുന്നത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ആക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടതും ഡിസംബര്‍ മാസത്തിലാണ്. ജീവനെടുത്തില്ലെങ്കിലും പതിവു പോലെ ഈ ഡിസംബറിലും സിപിഎമ്മും ബിജെപിയും ആക്രമങ്ങളുടെ ഉത്സവതിമിര്‍പ്പില്‍ തന്നെയാണ്.

chandrika: