കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ വീണ്ടും മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ചേനപ്പടി ഭാഗത്ത് പുലര്‍ച്ചയോടെയാണ് ഇന്നും മുഴക്കം കേട്ടത്. തിങ്കളാഴ്ച പകലും രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചയുമാണ് സമാനമായ രീതിയില്‍ ശബ്ദം കേട്ടത്. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് അന്ന് ശബ്ദം ഉണ്ടായത്.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താന്‍ ഇരിക്കെയാണ് വീണ്ടും പ്രദേശത്തെ മുഴക്കം അനുഭവപ്പെട്ടത്.