മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് എംപി ബിജെപി വിട്ടു. മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതിനാല്‍ ആണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെന്നാണ് സൂചന. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അജയ് പ്രതാപ് രാജിവയ്ക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കേറ്റ തിരിച്ചടിയാണ് രാജ്യസഭാ അംഗത്തിന്റെ രാജി. വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും അജയ് പ്രതാപ് സിംഗിന് ബിജെപി ടിക്കറ്റ് നല്‍കിയില്ല.
ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സിംഗ്, സിദ്ധി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാര്‍ട്ടി അവിടെ നിന്ന് രാജേഷ് മിശ്രയെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു.
2018 മാര്‍ച്ചിലാണ് അജയ് പ്രതാപ് സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2 ന് അവസാനിക്കെയാണ് നിലവിലെ രാജി. മുന്‍ ബിജെപി അംഗം എപി ജിതേന്ദര്‍ റെഡ്ഡിയും മകനും ചേര്‍ന്ന് തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം.