X

രാജ്യത്തെ സുപ്രീം കോടതിയില്‍ പൊട്ടിത്തെറി; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: പരമോന്നത കോടതിയുടെ ഭരണ സംവിധാനത്തിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ വെളുപ്പെടുത്തലില്‍ വിറങ്ങലിച്ച് രാജ്യവും ഭരണകൂടവും. അതിനിടെ സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വെളിപ്പെടുത്തലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെ അടിയന്തരമായി വിളിച്ച് വരുത്തിയാണ് മോദി വിശദീകരണം തേടിയത്. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്ത് അടിയന്തര യോഗവും പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്തു.

കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവച്ച് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്.

ഇപ്പോള്‍ നടക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ശരിയായ രീതിയിലല്ല നടക്കുന്നത്. കോടതി അതിന്റെ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ഉറപ്പാണെന്നും ജ്ഡ്ജിമാര്‍ പറഞ്ഞു.

ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച നടത്തി.

അതേസമയം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധമെന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഗുജറാത്തിലെ സൊഹ്‌റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.

chandrika: