ലണ്ടന്‍: ലോകകപ്പ് ബഹളത്തിന് ശേഷം ഇന്ന് മുതല്‍ ഇംഗ്ലണ്ടില്‍ ആവേശപ്പോരാട്ടങ്ങള്‍. ഇ.എഫ്.എല്‍ കപ്പില്‍ ഇന്ന് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍ വരുന്നു. ഖത്തറില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ കലാശിച്ച ലോകകപ്പ് നാളുകളില്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ യൂറോപ്യന്‍ ലീഗുകളിലൊന്നും മല്‍സരങ്ങളുണ്ടായിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ട് പുറത്തായിരുന്നു. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഫ്രാന്‍സിനോടായിരുന്നു ഇംഗ്ലണ്ട് അടിയറവ് പറഞ്ഞത്. ക്രിസ്തുമസ് നാളുകള്‍ക്ക് ശേഷമാണ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് മല്‍സരങ്ങളാവട്ടെ അടുത്ത മാസവും. ലോകകപ്പില്‍ ദേശീയ ടീമുകള്‍ക്കായി കളിച്ച പല താരങ്ങളും ഇപ്പോള്‍ വിശ്രമത്തിലാണ്. ലാറ്റിനമേരിക്കന്‍ താരങ്ങള്‍ സ്വന്തം നാട്ടിലേക്കും മടങ്ങി. അര്‍ജന്റീനയുടെ താരങ്ങളെല്ലാം സ്വന്തം നാട്ടിലാണ്. ഇന്ന് സിറ്റിയും ലിവറും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് പരമ്പരാഗത ശത്രുക്കള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ അങ്കമാവും. അവസാന സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിനായി ഇവര്‍ തമ്മിലായിരുന്നു പോരാട്ടങ്ങള്‍. സിറ്റി സംഘത്തില്‍ പ്രമുഖരെല്ലാമുണ്ട്.