കൂട്ട അവധിക്ക് ശേഷം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ജോലിക്ക് തിരികെയെത്തി. പ്രതിഷേധ സാധ്യത മുന്നറിയിപ്പിനെ തുടര്‍ന്ന് താലൂക്ക് ഓഫീസില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ട അവധിയുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് നാളെ കൈമാറും
അതേസമയം കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി തലോടലായി മാറുമെന്ന് ആക്ഷേപം. സിപിഎമ്മും സിപിഐയും പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ ജീവനക്കാര്‍ തന്നെ കടുത്ത ഭാഷയില്‍ എം എല്‍ എ കെ.യു. ജനീഷ് കുമാറിനെ ചോദ്യം ചെയ്യുകയാണ്. റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐ ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടിലാണ്. സ്ഥലം എംഎല്‍എയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചതോടെ സിപിഎം നേതാക്കള്‍ എംഎല്‍എയ്ക്കു പിന്തുണ പ്രഖ്യാപിച്ചത് സംഭവത്തെ ലഘുകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ജനം കാണുന്നത്. സംഭവത്തെ വെറും സി പി എം -സി പി ഐ തര്‍ക്കമാക്കി വഴി തിരിച്ച് പ്രശ്‌നം ഒതുക്കാനും വഴിതിരിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടതും എംഎല്‍എ താലൂക്ക് ഓഫീസിലെത്തി ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ചതിനെയും സിപിഐ വിമര്‍ശിച്ചു. ജീവനക്കാര്‍ക്ക് ക്വാറി മാഫിയ ആരോപണം ബന്ധമെന്ന എം എല്‍ എയുടെ ആരോപണത്തില്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ സര്‍വീസ് സംഘടനകളും ജീവനക്കാരെ പിന്തുണച്ചു രംഗത്തെത്തി. ഉല്ലാസയാത്രയ്ക്കു പിന്നില്‍ ക്വാറി മാഫിയയുടെ പങ്കുണ്ടെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. ഇവര്‍ യാത്രപോയ വാഹനം കോന്നിയിലെ ഒരു ക്വാറി ഉടമയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ എഡിഎമ്മിന്റെ നടപടികളെയും എംഎല്‍എ വിമര്‍ശിച്ചിരുന്നു. കോന്നി താലൂക്ക് ഓഫീസിലെ 39 ജീവനക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒന്നിച്ച് അവധിയെടുക്കുകയും ഇതില്‍ ഒരു വിഭാഗം ഉല്ലാസയാത്രയ്ക്കു പോകുകയും ചെയ്ത സംഭവമാണ് വിവാദമായത്.