X

ശ്രുതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഭര്‍തൃമാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

നഗർകോവിൽ: സ്ത്രീധന പീഡനത്തെ തുടർന്ന് കോളേജ് അധ്യാപികയായ കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് താൻ ജീവനൊടുക്കുന്നതെന്ന് ശ്രുതി മാതാപിതാക്കളെ അറിയിച്ചിരുന്നു.

ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ സ്ഥിരമായി ശ്രുതിയുമായി വഴക്കുണ്ടാക്കിയിരുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും ശ്രുതി മാതാപിതാക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ഉണ്ട്.

webdesk14: