X

ഇടവേളക്ക് ശേഷം സി.പി.എമ്മില്‍ വീണ്ടും തുറന്ന പോര്

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണമുയര്‍ത്തി പി. ജയരാജന്‍ രംഗത്തെത്തിയതോടെ ഒരിടവേളക്ക് ശേഷം സി.പി.എം രാഷ്ട്രീയം കലുഷിതമാകുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി പണമുണ്ടാക്കിയെന്നാണ് പി.ജയരാജന്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാനാവില്ലെന്ന് അറിയിച്ചതല്ലാതെ പി. ജയരാജന്‍ വാര്‍ത്ത നിഷേധിക്കാന്‍ തയാറായിട്ടില്ല. ആരോപണത്തില്‍ ഇ.പി ജയരാജന്‍ ഇനിയും പ്രതികരിച്ചിട്ടുമില്ല. പ്രത്യക്ഷത്തില്‍ സി.പി.എമ്മിന്റെ കരുത്തെന്ന് കരുതപ്പെടുന്ന ജയരാജന്മാര്‍ കൊമ്പുകോര്‍ത്താല്‍ അത് പാര്‍ട്ടിക്ക് താങ്ങാവുന്നതിനപ്പുറമുള്ള പ്രഹരമായി മാറും.

സി.പി.എമ്മിലെ രൂക്ഷവിഭാഗിയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ ചില നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സാമ്പത്തിക ആരോപണങ്ങള്‍ വളരെക്കാലം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയവരുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പാര്‍ട്ടിസ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് തുറന്നുപറഞ്ഞതിലൂടെ അന്ന് വലിയ വിവാദമാണ് സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടിവന്നത്.

എന്നാല്‍ സമീപകാലത്തൊന്നും ഇത്തരമൊരു ആരോപണം സി.പി.എമ്മില്‍ ഉയര്‍ന്നുവന്നിട്ടില്ല. പരാതി എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. ഇ.പി ജയരാജന് സാമ്പത്തിക ക്രമക്കേടില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരായി റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നതും അത് അന്വേഷണത്തിന് വിധേയമാക്കുന്നതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാകുന്നത് പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. എതിര്‍വാക്കില്ലാതെ പിണറായിക്കൊപ്പം പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്തിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പലതും പുകയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്. ഏറെക്കാലമായി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ സജീവമല്ലാത്ത നേതാവാണ് പി. ജയരാജന്‍. പിണറായിക്കെതിരെ പരോക്ഷനിലപാട് സ്വീകരിച്ച് ചെറുത്തുനില്‍ക്കുകയാണ് അദ്ദേഹം. സമൂഹത്തിലെ ചില തെറ്റായ പ്രവണതകള്‍ സി.പി.എം നേതാക്കളിലേക്കും ബാധിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചക്കിടയിലാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. ഇ.പിക്കെതിരെ ആയുധമെടുക്കാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നെന്നും അവസമുണ്ടായപ്പോള്‍ പരാതി ഉന്നയിച്ചെന്നുമാണ് മനസിലാക്കേണ്ടത്.

webdesk11: