X

തോല്‍വിക്കു പിന്നാലെ സി.പി.എമ്മില്‍ കലാപക്കൊടി

CPIM FLAG

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു. കാര്യങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാന്‍ ശക്തമായ ഇടപെടലുകളുമായി സംസ്ഥാന നേതൃത്വം രംഗത്തുണ്ട്. കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കര പിടിക്കാമെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജില്ലയിലെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് ജില്ലാ നേതൃത്വം കലാപക്കൊടി ഉയര്‍ത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുന്ന മൗനവും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ മൗനം പാര്‍ട്ടിയെ കൂടുതല്‍ നാണക്കേടിലേക്ക് തള്ളിവിടുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാണിച്ച അമിത പിടിവാശിക്കും അനാവശ്യ വെല്ലുവിളികള്‍ക്കും ലഭിച്ച തിരിച്ചടിയാണ് തൃക്കാക്കരയിലെ റെക്കോര്‍ഡ് തോല്‍വിയെന്നാണ് നേതൃത്വം തന്നെ വിലയിരുത്തുന്നത്.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിന്റേയും മന്ത്രി പി.രാജീവിന്റെയും നേതൃത്വത്തിലാണ് ഇടതു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടന്നത്. ജില്ലാ നേതൃത്വത്തെ പാടെ അവഗണിച്ചു കൊണ്ടുള്ള പോക്കില്‍ തുടക്കം മുതലേ ഒരു വിഭാഗം അതൃപ്തിയിലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ നേതാക്കള്‍ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിക്കും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നില്ല.

ഒരു കാര്യത്തിലും തങ്ങളുടെ അഭിപ്രായം ഗൗരവത്തില്‍ എടുക്കാതെ മുന്നോട്ടു പോയതാണ് ഇത്രയും വലിയ നാണക്കേടിന് വഴിവെച്ചതെന്ന് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മണ്ഡലം ഉണ്ടായ കാലം മുതല്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ തൃക്കാക്കരയെ അഭിമാന പോരാട്ടമായി ഉയര്‍ത്തി കാട്ടേണ്ടതില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടേയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. എസ് അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെയും വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ച തൊട്ട് വീഴ്ചകള്‍ തുടങ്ങി. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയെ 10 ദിവസം തൃക്കാക്കരയില്‍ പാര്‍പ്പിച്ചതും മുഴുവന്‍ മന്ത്രിമാരെയും 60 എം.എല്‍.എമാരേയും ക്യാമ്പ് ചെയ്യിച്ചതും എന്തിനായിരുന്നുവെന്ന ചോദ്യമാണ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നത്. ആ വമ്പന്‍ സന്നാഹങ്ങളാണ് ഉറപ്പായിരുന്ന ഒരു തോല്‍വിയെ ഇത്ര പരിഹാസ്യമായ തലത്തിലേക്ക പാര്‍ട്ടിയെ തള്ളിവിട്ടതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Chandrika Web: