സംഘര്‍ഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹില്‍ പൊളിച്ചുനീക്കിയത് 443 കെട്ടിടങ്ങളെന്ന് സര്‍ക്കാര്‍.162 സ്ഥിരം കെട്ടിട്ടങ്ങളും 281 താല്‍ക്കാലിക കെട്ടിടങ്ങളുമാണ് പൊളിച്ചത്. നടപടി 283 മുസ്ലിംങ്ങളെയും 71 ഹിന്ദുക്കളെയും ബാധിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കഴിഞ്ഞ മാസം 31ന് വി.എച്ച്.പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ജലാഭിഷേക് യാത്രക്കിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സര്‍ക്കാര്‍ കെട്ടിട്ടങ്ങള്‍ പൊളിച്ചുനീക്കിയത്. അനധികൃത കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയതെന്നും സര്‍ക്കാര്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെന്നും നൂഹ് ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. പൊളിക്കല്‍ നടപടി ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും ധീരേന്ദ്ര ഹരിയാന -പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഈ മാസം ആദ്യം നടത്തിയ പൊളിക്കാന്‍ നടപടിക്കെതിരെ ഹരിയാന -പഞ്ചാബ് ഹൈക്കോടതി കേസെടുക്കുകയും പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ക്രമസമാധാനത്തിന്റെ മറവില്‍ വംശീയ ഉന്മൂലനം നടത്താന്‍ ശ്രമിക്കുന്നുണ്ടോ എന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കൂടാതെ ഒരു പ്രത്യേക സമൂഹത്തിന്റെ കെട്ടിടങ്ങള്‍ മാത്രമാണോ ലക്ഷ്യം ഇടുന്നതെന്നും കോടതി ചോദിച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.