X
    Categories: Newsworld

സോവിയറ്റ് പതന ശേഷം പുടിന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ തകര്‍ച്ച റഷ്യക്കാരെ എത്രമാത്രം ബാധിച്ചുവെന്ന് വിവരിക്കാന്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ തുറന്നുപറഞ്ഞ് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍. സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 30 വര്‍ഷം മുമ്പ് നടന്ന യു.എസ്.എസ്.ആറിന്റെ പതനം റഷ്യക്കാരെ സംബന്ധിച്ചിടത്തോളം വന്‍ ദുരന്തമായിരുന്നു. സാമ്പത്തിക അസ്ഥിരതയുടെ ആ നാളുകളില്‍ പലരെയും പോലെ പുടിനും ദാരിദ്ര്യത്തില്‍ അകപ്പെട്ടു. പണം സമ്പാദിക്കാനായി ആളുകള്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്തേണ്ടിവന്നു.

‘ചില സമയത്ത് എനിക്ക് അധിക പണം ഉണ്ടാക്കേണ്ടിവന്നു. അതിന് ഒരു സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തു. സത്യസന്ധമായി സംസാരിക്കുന്നത് അത്ര സുഖകരമല്ല. പക്ഷെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അതായിരുന്നു യാഥാര്‍ത്ഥ്യം.’- കഴിഞ്ഞ ദിവസം പുറത്തുവന്ന ഡോക്യുമെന്ററി ചിത്രമായ ‘റഷ്യ ലേറ്റസ്റ്റ് ഹിസ്റ്ററി’യില്‍ പുടിന്‍ വെളിപ്പെടുത്തി.

സോവിയ്റ്റ് സുരക്ഷാ സര്‍വീസായ കെ.ജി.ബിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്‍. 1991ല്‍ കെ.ജി.ബിയില്‍നിന്ന് രാജിവെച്ചു. ‘ഒരു ദിവസം രാത്രി ജോലി കഴിഞ്ഞ് ബസിലാണ് വീട്ടിലേക്ക് പോയത്. നിരത്തുകളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അനധികൃതമായി സര്‍വീസ് നടത്തിയിരുന്നു. അംഗീകൃത ടാക്‌സികളെക്കാള്‍ അനധികൃത സര്‍വീസുകളാണ് അന്നുണ്ടായിരുന്നത്. എനിക്ക് പരിചയമുള്ള ഭൂരിഭാഗം യുവാക്കളും അത് ഉപയോഗിച്ചിരുന്നു.

റഷ്യയില്‍ സ്വന്തമായി വാഹനങ്ങളുള്ള കുടുംബങ്ങള്‍ രാത്രികാലങ്ങളില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തി. 1991ലെ സോവയിറ്റ് തകര്‍ച്ചക്കുശേഷം റൂബിളിന്റെ മൂല്യം ഗണ്യമായി ഇടിഞ്ഞു. ജീവിക്കാന്‍ വേണ്ടി ആളുകള്‍ അനധികൃത ഇടപാടുകളിലേക്കും കച്ചവടങ്ങളിലേ ക്കും തിരിഞ്ഞു.’-പുടിന്‍ ഓര്‍ക്കുന്നു. 15 റിപ്പബ്ലിക്കുകള്‍ ചേര്‍ന്നതായിരുന്നു സോവിയറ്റ് യൂണിയന്‍. 1991ല്‍ യു.എസ്.എസ്.ആര്‍ ശിഥിലമാകുകയും റഷ്യ ഒരു സ്വതന്ത്ര രാഷ്ട്രമാവുകയും ചെയ്തു.

 

Test User: