ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ച് ശിവസേനക്കും ടി.ഡി.പിക്കും പിന്നലെ ശിരോമണി അകാലിദളും എന്‍.ഡി.എ മുന്നണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. സഖ്യകക്ഷികളെ അവഗണിക്കുന്ന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളില്‍ അകാലിദള്‍ അതൃപ്തി പരസ്യമാക്കി. പഞ്ചാബില്‍ ഭരണം നഷ്ടപ്പെടാന്‍ കാരണം ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങളാണെന്ന വിമര്‍ശനവും അവര്‍ക്കുണ്ട്. അകാലിദള്‍ നേതാവും രാജ്യസഭാംഗവുമായ നരേഷ് ഗുജറാളാണ് ബി.ജെ.പിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത പ്രവൃത്തിയാണിതെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സഖ്യകക്ഷികളോടുള്ള സമീപനത്തില്‍ വാജ്‌പേയ് ടച്ച് ആവശ്യമാണെന്നും അകാലിദളിലെ ഹിന്ദുത്വ മുഖമായ അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ വര്‍ഗീയ നയങ്ങളില്‍ നേരത്തെ അതൃപ്തിയുണ്ടായിരുന്നെങ്കിലും ന്യൂനപക്ഷ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ പൂര്‍ണമായും അവഗണിച്ചതോടെയാണ് അകാലിദള്‍ നിലപാട് കര്‍ക്കശമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വിവേചനപരമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗുജ്‌റാള്‍ വ്യക്തമാക്കി. വലിപ്പ ചെറുപ്പമില്ലാതെയാണ് വാജ്‌പേയിയുടെ കാലത്ത് ഘടകക്ഷികളെ പരിഗണിച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശുഭകരമല്ല. ഈരീതിയില്‍ മുന്നണിയില്‍ തുടരണമോ എന്നത് പരിശോധിക്കണം-അദ്ദേഹം പറഞ്ഞു. ഒറ്റക്ക് ഭൂരിപക്ഷമുണ്ടെന്ന മനോഭാവമാണ് ബി.ജെ.പിക്ക്. എന്നാല്‍ ഇനിയെങ്കിലും അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഭരണമുണ്ടായിട്ടും രാജസ്ഥാനില്‍ മൂന്ന് സിറ്റിങ് സീറ്റുകള്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, നാഗാലാന്റ്, മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചാകാനിടയില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണത്തിനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.