X

നടുക്കടലില്‍ മുളയില്‍ തൂങ്ങി അഞ്ചുനാള്‍; ഇന്ത്യന്‍ മത്സ്യതൊഴലാളിക്ക് രക്ഷയായത് ബംഗ്ലാദേശി കപ്പല്‍

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ടുമുങ്ങിയതിനെ തുടര്‍ന്ന് ഒറ്റ മുളംതടിയില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് നടുക്കടലില്‍ കിടന്നത് അഞ്ച് ദിവസം. ഭക്ഷണമോ, വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്‍ കിടന്നത്.
ചിറ്റഗോങ് തീരത്തുവച്ച് ബംഗ്ലാദേശി കപ്പല്‍ രക്ഷകരായി എത്തിയതോടെയാണ് രബീന്ദ്രനാഥ് ജീവിതത്തിലേക്ക് നീന്തി കയറിയത്. ദക്ഷിണ പര്‍ഗാനാസ് ജില്ലയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ജൂലൈ നാലിനാണ് എഫ് ബി നയന്‍ ഒന്ന് എന്ന മത്സ്യബന്ധനബോട്ടില്‍ രബീന്ദ്രനാഥും സംഘവും പുറംകടലിലേക്ക് തിരിച്ചത്. കനത്ത കാറ്റിലും മഴയിലും ബോട്ട് ആടിയുലഞ്ഞ് മറിയുകയായിരുന്നു. രബീന്ദ്രനാഥിനൊപ്പമുണ്ടായിരുന്ന 11 പേരും കടലിലേക്ക് എടുത്ത് ചാടി.
ഫ്യൂവല്‍ടാങ്കുകള്‍ കെട്ടിവെച്ചിരുന്ന മുളം തടി അഴിച്ചെടുത്ത് ഓരോരുത്തരും അതുമായി ബന്ധിച്ച് കടലില്‍ കിടന്നു. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി അതിജീവിക്കാനാകാതെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന രബീന്ദ്രനാഥ് ആത്മധൈര്യം കൈമുതലാക്കി അഞ്ചു നാള്‍ പിടിച്ചുനിന്നു. അഞ്ചാംദിവസം കപ്പല്‍ രക്ഷപെടുത്തുന്നത് വരെ മഴവെള്ളം മാത്രം ആശ്രയിച്ചാണ് രബീന്ദ്രനാഥ് കഴിഞ്ഞത്. കൂറ്റന്‍ തിരമാലകള്‍ എടുത്തെറിഞ്ഞപ്പോഴും തിരമാലകളെ മറികടന്ന് പരമാവധി നീന്തുകയായിരുന്നു അദ്ദേഹം. രബീന്ദ്രനാഥിനൊപ്പം അവസാനംവരെയും അനന്തരവന്‍ ഉണ്ടായിരുന്നു. എന്നാല്‍ കപ്പല്‍ വന്ന് രക്ഷപെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് അനന്തരവനും കണ്‍മുന്‍പില്‍ വെച്ച് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.

ഏകദേശം രണ്ടുമണിക്കൂറെടുത്താണ് രക്ഷിച്ചത്. തിരയില്‍ ഒഴുകി ഒഴുകി പൊയ്‌ക്കോണ്ടിരുന്ന രബീന്ദ്രനാഥ് ഇടയ്ക്ക് കപ്പലിലുള്ളവരുടെ ദൃഷ്ടിയില്‍ നിന്നും അകന്നുപോയിരുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ചാണ് ഇദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ദാസ് തന്റെ അവിശ്വസനീയമായ രക്ഷപ്പെടലില്‍ സന്തുഷ്ടനാണെങ്കിലും അനന്തിരവനടക്കം സഹപ്രവര്‍ത്തകരുടെ വിയോഗം പറയുമ്പോള്‍ കണ്ണു നിറയുന്നു.

chandrika: