X

ഷിംലക്ക് പിന്നാലെ മാണ്ഡിയിലും പള്ളിക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

ഹിമാചല്‍പ്രദേശിലെ ഷിംലക്ക് പിന്നാലെ മാണ്ഡിയിലും അനധികൃത പള്ളി നിര്‍മാണം ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. മാണ്ഡി മുനിസിപ്പാലിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം മുസ്‌ലിംകള്‍ തന്നെ പൊളിച്ചിട്ടും പ്രതിഷേധം തുടര്‍ന്നവരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കൈയേറ്റം 30 ദിവസത്തിനകം ഒഴിയണമെന്ന് മാണ്ഡി മുനിസിപ്പാലിറ്റി പള്ളി കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് വ്യാഴാഴ്ച കൈയേറ്റഭാഗത്ത് നിര്‍മിച്ചതെന്ന് പറഞ്ഞ പള്ളിയുടെ മതില്‍ കമ്മിറ്റി തന്നെ പൊളിച്ചത്. എന്നാല്‍, പള്ളിയുടെ അനധികൃത നിര്‍മാണം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുസംഘടനകള്‍ മാണ്ഡി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച ധര്‍ണ നടത്തിയത്.

ജയ് ശ്രീറാം വിളികളോടെ റാലിയായാണ് ഇവര്‍ എത്തിയത്. പ്രതിഷേധക്കാര്‍ പിന്നീട് പള്ളിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയുകയും പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് പള്ളിയുടെ ഒരു ഭാഗമെന്നാണ് മുനിസിപ്പാലിറ്റി നോട്ടീസില്‍ പറഞ്ഞത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച മുസ്‌ലിംകളുടെ എല്ലാ അനധികൃത നിര്‍മാണങ്ങളും പൊളിക്കണമെന്ന് വി.എച്ച്.പിയും ബജ്‌റംഗ്ദളും ആവശ്യപ്പെട്ടു.

ഷിംലയിലെ സഞ്ചൗലിയില്‍ പള്ളി അനധികൃത നിര്‍മാണമെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ നടത്തിയ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം ബുധനാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

 

webdesk13: