X

കെ.വിദ്യയെ പത്ത് ദിവസം അന്വേഷിച്ചിട്ടും തുമ്പില്ല; തപ്പിതടഞ്ഞ് പൊലീസ്

കൊച്ചി: വിവിധ കോളജുകളിലെ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി മഹാരാജാസ് കോളജിന്റെ വ്യാജരേഖ ഹാജരാക്കിയ കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പത്താം ദിവസവും ‘ഒളിവില്‍’ തന്നെ. മഹാരാജാസ് കോളജിന്റെ വ്യാജ സീലും മുന്‍ വൈസ് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പും രേഖപ്പെടുത്തി പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതായി കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ട് ഇന്നേക്ക് പത്ത് ദിവസം തികഞ്ഞു. വിദ്യ ഒളിവില്‍ പോയെന്ന് വിശദീകരിക്കുന്ന പൊലീസ് പക്ഷേ അവരെ കണ്ടെത്തുന്നതിന് ഇതുവരെ ഊര്‍ജിത ശ്രമങ്ങളൊന്നും നടത്തിയിട്ടല്ല. വിദ്യ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 20നാണ് പരിഗണിക്കുന്നത്. അതുവരെ അന്വേഷണം നീട്ടിക്കൊണ്ടുപോയി അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രമാണ് പൊലീസിന്റേതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തലും തെളിവ് പരിശോധനയുമൊക്കെയാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്. മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍, മുന്‍ വൈസ് പ്രിന്‍സിപ്പല്‍, ഇപ്പോഴത്തെ വൈസ് പ്രിന്‍സിപ്പല്‍, മലയാള വിഭാഗം മേധാവി എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിശോധന നടത്താനുള്ള നീക്കമൊന്നും പൊലീസിന്റ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

മഹാരാജാസിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആരോപണ വിധേയനായ എസ്എഫ്‌ഐ നേതാവിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദ്രുതഗതിയില്‍ അന്വേഷണം നടത്തുന്ന അതേ പൊലീസാണ് വിദ്യയുടെ തട്ടിപ്പ് കേസില്‍ ഉഴപ്പുന്നത്. കാലടി സര്‍വകാശലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായി പ്രവേശനം നേടിയ വിദ്യ എറണാകുളം ജില്ലയില്‍ തന്നെ ഒളിവില്‍ കഴിയാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ പാലക്കാട് അട്ടപ്പാട്ടി പൊലീസും, കാസര്‍ക്കോട് നീലേശ്വരം പൊലീസുമാണ് രണ്ട് പരാതികളായി അന്വേഷണം നടത്തുന്നത്. വിദ്യയുടെ അറസ്റ്റ് വൈകുന്ന സാഹചര്യത്തില്‍ അന്വേഷണം ഏകോപിപ്പിക്കാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജരേഖ ഹാജരാക്കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസില്‍ വിദ്യ എവിടെയെന്ന് അന്വേഷിച്ച് വരികയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസിന്റെ വാദം. എറണാകുളം മഹാരാജാസ് കോളജില്‍ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. അട്ടപ്പാടി ഗവ.കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും മഹാരാജാസ് കോളജിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസിലാണ് വിദ്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

webdesk11: