ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ ആലിംഗനത്തെ ചുവടുപിടിച്ച് ബി.ജെ.പിക്കെതിരെ ആലിംഗന ക്യാമ്പയിനുമായി അണികള്‍. ‘വിദ്വേഷം അവസാനിപ്പിച്ച് സ്‌നേഹം പരത്തൂ’ എന്ന സന്ദേശവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആലിംഗന പ്രചരണം നടത്തി. കഴിഞ്ഞദിവസം കൊണാട്ട് പ്ലേസില്‍ നിന്നാണ് സ്‌നേഹ സന്ദേശം പകരുകയെന്ന ലക്ഷ്യത്തില്‍ ആലിംഗന ക്യാമ്പയിന്‍ തുടങ്ങിയത്.
‘വിദ്വേഷം തുടച്ചു നീക്കൂ, രാജ്യത്തെ രക്ഷിക്കു’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മോദിയെ രാഹുല്‍ കെട്ടിപ്പിടിക്കുന്നതിന്റെ ചിത്രങ്ങളും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. പ്രദേശത്തെത്തിയ ആളുകളെ കെട്ടിപ്പിടിക്കുകയും സ്‌നേഹ സന്ദേശം കൈമാറുകയും ചെയ്തു. ക്യാമ്പയിനില്‍ താല്‍പര്യമുള്ളവര്‍ക്കൊക്കെ പങ്കെടുക്കാമായിരുന്നു. അതിനാല്‍ നിരവധി പേരാണ് ക്യാമ്പയിനില്‍ അണിനിരന്നത്.
ആലിംഗനം സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും എല്ലാ ജാതി മതത്തിലുള്ളവരും തമ്മില്‍ സ്നേഹത്തില്‍ കഴിയുക എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നതെന്നും ക്യാമ്പയിന് നേതൃത്വം നല്‍കിയ അനിരുദ്ധ് ശര്‍മ്മ വ്യക്തമാക്കി. വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി ആശ്ലേഷിച്ചത് ചര്‍ച്ചയായിരുന്നു.