X

പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയെ തുടര്‍ന്ന് ഹര്‍ഷിന സമരം അവസാനിപ്പിച്ചു

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഹര്‍ഷിന സമരം അവസാനിപ്പിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കില്‍ നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹര്‍ഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സമരം സമിതി ആവശ്യപ്പെട്ടു. കേസില്‍ പൊലീസ് പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമര്‍പ്പിച്ചത്. ഡോ. സി.കെ. രമേശന്‍, ഡോ.ഷഹന എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

സ്റ്റാഫ് നഴ്‌സ് മഞ്ജു കെ.ജി, നഴ്‌സിങ് ഓഫിസര്‍ ഗ്രേഡ് വണ്‍ ആയ എം. രഹനയും പ്രതിപ്പട്ടികയിലുണ്ട്. നാലുപേര്‍ക്കും സംഭവിച്ച അബദ്ധം മൂലമാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേര്‍ത്തത്. നേരേത്ത പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച് മുന്‍ സൂപ്രണ്ട് യൂനിറ്റ് മേധാവിമാരായിരുന്ന രണ്ട് ഡോക്ടര്‍മാരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതിനു ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

 

webdesk13: