ന്യൂഡല്‍ഹി: രാജ്യത്തെ നിഷ്‌ക്രിയ ആസ്തികളെല്ലാം യു.പി.എ കാലത്ത് നല്‍കിയ വായ്പകളാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. മോദിക്ക് കീഴില്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയ ലോണുകള്‍ നിഷ്‌ക്രിയ ആസ്തികളായി മാറിയതിന്റെ കണക്കുകള്‍ പുറത്ത് വിടാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു. നിഷ്‌ക്രിയ ആസ്തികളായി മാറിയ യു.പി.എ സര്‍ക്കാര്‍ കാലത്തെ വായ്പകള്‍ തിരിച്ചു പിടിക്കാന്‍ എന്തുകൊണ്ട് മോദി തയാറാകുന്നില്ലെന്ന് ട്വീറ്റിലൂടെ ചിദംബരം ചോദിച്ചു.
2014ല മെയില്‍ മോദി അധികാരമേറ്റ ശേഷം എത്ര വായ്പകള്‍ നല്‍കി, ഇതില്‍ എത്രയെണ്ണം നിഷ്‌ക്രിയ ആസ്തികളായി മാറിയെന്ന് വ്യക്തമാക്കണം. യു.പി.എ കാലത്ത് നല്‍കിയ വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായി മാറിയെന്ന പ്രധാനമന്ത്രിയുടെ വാദം ശരിയാണെന്ന് കരുതിയാല്‍ തന്നെ ഇതില്‍ എത്ര ലോണുകള്‍ നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ കാലത്ത് പുതുക്കിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തു കൊണ്ട് ഇത്തരം വായ്പകള്‍ തിരിച്ചു വിളിച്ചില്ല. എന്തു കൊണ്ട് ഇത് ദീര്‍ഘിപ്പിച്ചു നല്‍കി മോദി ഇതിന് ഉത്തരം നല്‍കണമെന്നും തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ ചിദംബരം ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് നല്‍കിയ 12 വന്‍കിട വായ്പകള്‍ നിഷ്‌ക്രിയ ആസ്തികളായത് വഴി 1.75 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയെന്നും ഇതില്‍ ഒരു ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചതായും ഇന്ത്യാ പോസ്റ്റല്‍ ബാങ്കുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു.