പാലക്കാടിന് പിന്നാലെ ആലപ്പുഴയിലെ മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയ സംഘത്തെ ഭീഷണിപ്പെടുത്തി ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസ് കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് കുമാറാണ് ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം നടന്നത്. കാരിച്ചാല്‍ ആശാരുപറമ്പില്‍ നെല്‍സണ്‍ എ. ലോറന്‍സ്, അജയന്‍, ആല്‍വിന്‍ എന്നിവരെയാണ് ആര്‍.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയത്.
പരിപാടിയിലേക്ക് കടന്നുകയറിയ രതീഷ് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വെക്കുകയും ചെയ്തു. അല്ലാത്തപക്ഷം വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ആളെ കൂട്ടുമെന്നുമാണ് രതീഷ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ക്രിസ്മസ് സന്ദേശം മാത്രമാണ് തങ്ങള്‍ നല്‍കുന്നതെന്നും എല്ലാ വര്‍ഷവും ഇത് ചെയ്യാറുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. എന്നാല്‍ പരിപാടി അവസാനിക്കുന്നത് വരെ രതീഷ് ഭീഷണി ഉയര്‍ത്തുകയായിരുന്നു.
സംഘാടകരില്‍ ഒരാളായ നെല്‍സണ്‍ പരിപാടി തത്സമയം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ താന്‍ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ആണെന്ന് രതീഷ് പറയുന്നതായി കാണാം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് നെല്‍സണ്‍ അറിയിച്ചു. വെള്ളിയാഴ്ച പാലക്കാട് നല്ലേപ്പിള്ളിയില്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതികള്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ എന്നിവര്‍ ചിറ്റൂരില്‍ ഇന്ന് പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചു. നേരത്തെ പ്രസ്തുത കേസ് ബി.ജെ.പി സംസ്ഥാന നേതൃത്വം യുവമോര്‍ച്ച മുഖേന അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.