ന്യൂഡല്‍ഹി: നിയന്ത്രണ രേഖക്കു സമീപം ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. നൗഷേറ സെക്ടറില്‍ സിവിലിയന്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്നലെ ഒന്നിലധികം തവണ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ 6.45നാണ് ആദ്യ ആക്രമണമുണ്ടായത്. 82 എം.എം, 120 എം.എം മോര്‍ട്ടാല്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
നൗഷേറ സെക്ടറിലെ ചിട്ടിബക്‌രി, ചിന്‍ഗസ് പ്രദേശങ്ങളിലാണ് ഷെല്ലുകള്‍ പതിച്ചതെന്ന് രജൗരി ഡപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇഖ്ബാല്‍ ചൗധരി പറഞ്ഞു. ഈ മേഖലയില്‍നിന്നുള്ള ആയിരത്തോളം പോരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കു പ്രകാരം 978 പേര്‍ ക്യാമ്പുകളില്‍ എത്തിയതായി ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. 259 കുടുംബങ്ങളെക്കൂടി മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നൗഷേറെ സെക്ടറിലെ 51 സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മഞ്ഞക്കോട്ടെ, ദൂംഗി സെക്ടറുകളില്‍ 36 സ്‌കൂളുകളും അടച്ചിട്ടിട്ടുണ്ട്. 87 സ്‌കൂളുകളിലായി 4600ലധികം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
മൂന്ന് ദുരിതാശ്വസ ക്യാമ്പുകളാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ആസ്പത്രികളില്‍ എത്തിക്കുന്നതിനും മറ്റുമായി ആറ് ആംബുലന്‍സുകള്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് നൗഷേറയിലും മറ്റൊന്ന് നിയന്ത്രണ രേഖയോടു ചേര്‍ന്ന പ്രദേശത്തുമാണ് ക്യാമ്പു ചെയ്യുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളില്‍നിന്നായി 120ഓളം സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിച്ചതായി രജൗരി ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം അടിയന്തര സാമ്പത്തിക സഹായം കൈമാറി. നൗഷേറ ഡപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.