തിരുവനന്തപുരം: വി.സിമാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാനുള്ള സമയരപരിധിക്ക് ഒരാഴ്ച ബാക്കി. അടുത്ത വെളളിയാഴ്ചക്കു മുന്‍പ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. അതിനുശേഷം സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ആലോചിക്കുകയാണ് രാജ്ഭവന്‍. യു.ജി.സി നിര്‍ദേശം പാലിച്ചുകൊണ്ടാണ് വി.സിമാരുടെ നിയമനം നടത്തിയതെന്ന് വിശദീകരിക്കാന്‍ വി.സിമാര്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സര്‍ക്കാരാണ്.
നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോള്‍ താന്‍ ചെയ്ത തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ നവംബര്‍ നാലിനു ശേഷം സാങ്കേതിക സര്‍വകലാശാല വി.സിക്കെതിരായ സുപ്രീംകോടതി വിധി കേരളത്തിലെ മറ്റെല്ലാ വി.സിമാര്‍ക്കും ബാധകമാകും. വി.സിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, സുപ്രീംകോടതിയുടെ വിധി എല്ലാ വി.സിമാര്‍ക്ക് ബാധകമെന്ന പരാമര്‍ശം ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ ഗവര്‍ണര്‍ കാട്ടിയ തിടുക്കമാണ് വി.സിമാരുടെ രാജി ഉടന്‍ വേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചത്. വി.സിമാരോട് വിശദീകരണം തേടാനുള്ള ചാന്‍സലറുടെ അധികാരം കോടതി അംഗീകരിക്കുകയും ചെയ്തു. നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. സുപ്രീം കോടതി വിധി വിശദമായി സി.പി.എം പരിശോധിച്ചു. വി.സിമാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവര്‍ണര്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.