X

പകര്‍ച്ചപനി: കോഴിക്കോട് മൂന്ന് പേര്‍ക്ക്കൂടി ഡെങ്കി

കോഴിക്കോട്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ പനി പടരുന്നു. കോഴിക്കോട് ജില്ലയില്‍ പകര്‍ച്ച പനി സംശയിക്കുന്ന 25പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക്കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. മാളിക്കടവ്, കല്ലായി, തലക്കുളത്തൂര്‍ സ്വദേശികള്‍ക്കാണ് ഡെങ്കിപിടിപെട്ടത്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെ ഇന്നലെയും ഒരാള്‍ക്ക് ഡെങ്കിപനി പിടിപെട്ടത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി. കുന്ദമംഗലം സ്വദേശിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ചികിത്സയിലുള്ള മൂന്ന് പേര്‍ക്ക് രോഗം സംശയിക്കുന്നു. വയറിളക്കത്തെ തുടര്‍ന്ന് 222പേരും ചിക്കന്‍പോക്‌സ് പിടിപെട്ട് നാലുപേരും ആസ്പത്രിയിലെത്തി. ഡെങ്കിക്കും എലിപ്പനിക്കും പുറമെ ജപ്പാന്‍ജ്വരഭീതിയും ജില്ലയില്‍ ഒഴിയുന്നില്ല. തിങ്കളാഴ്ച ജപ്പാന്‍ജ്വര സംശയത്തില്‍ ഒരാളെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടാഴ്ച മുന്‍പ് ജപ്പാന്‍ജ്വരം ബാധിച്ച് വയോധിക മരിച്ചിരുന്നു. കാലവര്‍ഷം മൂന്നാഴ്ച പിന്നിട്ടതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 1056പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സക്കെത്തിയത്. 14പേരെ കിടത്തിചികിത്സക്ക് വിധേയമാക്കി.

chandrika: