ഒമ്പത് മണിക്കൂറിന്റെ അനിശ്ചിതത്വത്തിനൊടുവില്‍ റഷ്യയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി മറ്റൊരു വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ പകരം വിമാനത്തിലാണ് യാത്രക്കാരെ അമേരിക്കയിലെത്തിക്കുന്നത്. ചൊവ്വാഴ്ചയാണ് ദില്ലിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട സാങ്കേതിക തകരാര്‍ കാരണം റഷ്യന്‍ പട്ടണത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 216 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം വിമാനം അടിയന്തര ലാന്റിങ് നടത്തിയത് റഷ്യയിലെ ഒറ്റപ്പെട്ട പ്രദേശത്ത്. ഇതോടെ ഇവരുടെ കാര്യം ദുരിത പൂര്‍ണ്ണമായി. വിമാനം ഇറക്കിയ മഗദാന്‍ പ്രദേശത്ത് വലിയ ഹോട്ടലുകളൊന്നുമില്ലാത്തതിനാല്‍ പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ വിവിധ കേന്ദ്രങ്ങളിലാണ് യാത്രക്കാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡോര്‍മറ്ററികളിലും സ്‌കൂളുകളിലും ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകളിലുമാണ് പ്രായമായവരും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ യാത്രാസംഘത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ലഗേജുകള്‍ വിമാനത്തില്‍ തന്നെയായതിനാല്‍ മരുന്നും മറ്റും ലഭ്യമാകാത്ത സാഹചര്യമാണ്.
വേനലിലും തണുപ്പ് കാലാവസ്ഥയായതും അതിനാവശ്യമായ വസ്ത്രങ്ങള്‍ യാത്രക്കാരില്‍ ഇല്ലാത്തതും പ്രതികൂലമാകുന്നുണ്ടെന്നാണ് വിവരം. ഭാഷ, ഭക്ഷണം, കാലാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുട്ടികളും വയോധികരുമടങ്ങിയ യാത്രക്കാര്‍ നേരിട്ടു. മഗദാനിലെ സാഹചര്യം വെല്ലുവിളിയായിരുന്നെന്നും കടുത്ത സൗകര്യക്കുറവ് നേരിട്ടെന്നും യാത്രക്കാര്‍ ആരോപിച്ചു.