അഹമ്മബദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ നേതാവ് നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിക്കുനേരെ ഉയര്‍ന്നുവന്ന കോഴ വിവാദത്തിനുശേഷമാണ് രാജി.
ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തല്‍ തന്നെ അസ്വസ്ഥനാക്കിയെന്ന് നിഖില്‍ സവാനി പറഞ്ഞു. ഇന്ന് ബി.ജെ.പി വിടുകയാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വന്നിട്ടുകൂടി ഒരു കോടി രൂപ നിഷേധിച്ച നരേന്ദ്ര പട്ടേലിനെ താന്‍ അഭിനന്ദിക്കുകയാണ്. ബി.ജെ.പി പട്ടീദാര്‍ കുടുംബത്തെ വിലക്കുവാങ്ങാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല തീരുമാനങ്ങളെടുക്കാന്‍ വേണ്ടിയായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നതെന്നും പക്ഷേ അതൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും നിഖില്‍ പറഞ്ഞു. തനിക്ക് യാതൊരു തരത്തിലുള്ള പ്രതിഫലവും അവര്‍ വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാല്‍ ഉയര്‍ന്ന കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിടുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുമെന്നതിന്റെ സൂചനയും നല്‍കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ചക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേലാണ് കഴിഞ്ഞ രാത്രി രംഗത്തെത്തിയത്. പത്തുലക്ഷം അഡ്വാന്‍സ് തുകയുമായാണ് ബി.ജെ.പിയെ ഞെട്ടിച്ച് നരേന്ദ്രപട്ടേല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പത്തുലക്ഷം നല്‍കിയതിനു ശേഷം ബാക്കി 90ലക്ഷം തിങ്കളാഴ്ച്ച നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് മുഴുവനായി തന്നാലും താന്‍ മാറില്ലെന്നായിരുന്നു നരേന്ദ്രപട്ടേലിന്റെ വാക്കുകള്‍. ഇതിനുശേഷമാണ് അപ്രതീക്ഷിതമായി നിഖില്‍ സവാനി പാര്‍ട്ടി വിട്ടതായി പ്രഖ്യാപിക്കുന്നത്.